തിരുവണ്ണാമലൈ: തമിഴ്‌നാട്ടിൽ ഗർഭഛിദ്ര ഗുളിക കഴിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടി മരിച്ചു. സംഭവത്തിൽ പെൺകുട്ടിയെ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവണ്ണാമലൈ ജില്ലയിലെ ചെങ്കത്തിന് സമീപമാണ് സംഭവം. ഗർഭിണിയായ പെൺകുട്ടി ഗർഭഛിദ്രം നടത്താനായാണ് ഗുളിക കഴിച്ചത്. ഗുളിക കഴിച്ച് അബോധാവസ്ഥയിൽ ആയ പെൺകുട്ടി ആശുപത്രിയിൽ എത്തും മുൻപേ മരണപ്പെടുകയായിരുന്നു. കാമുകനായ എസ് മുരുകൻ (27), ഇയാളുടെ സുഹൃത്ത് പ്രഭു എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
പെൺകുട്ടിയെ ദിവസവും സ്കൂളിൽ കൊണ്ടുപോയിരുന്നത് മുരുകൻ ആയിരുന്നു. ഇതിനിടയിൽ ഇരുവരും അടുപ്പത്തിലായി. തുടർന്ന് പെൺകുട്ടി ഗർഭിണിയായതോടെ മുരുഗൻ സുഹൃത്തിന്റെ സഹായത്താൽ ഗർഭഛിദ്ര ഗുളിക സംഘടിപ്പിക്കുകയായിരുന്നു. ഗുളികയുമായി എത്തിയ മുരുഗൻ പതിവ് പോലെ പെൺകുട്ടിയെ സ്കൂളിലേക്കെന്ന വ്യാജേന വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോയി. വഴിയിൽ വെച്ച് പെൺകുട്ടിക്ക് ഗുളിക നൽകി.
സ്‌കൂളിൽ എത്തുന്നതിന് മുൻപേ പെൺകുട്ടി അബോധാവസ്ഥയിലായി. തുടർന്ന് മുരുഗൻ തന്നെയാണ് പെൺകുട്ടിയെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ പെൺകുട്ടി മരണപ്പെട്ടതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു. തുടർന്ന് തുരുവണ്ണാമലൈ സർക്കാർ ആശുപത്രിയിൽ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി എത്തിച്ചു. പോസ്റ്റ്‌മോർട്ടത്തിൽ പെൺകുട്ടി ഗർഭിണിയാണെന്ന് തെളിഞ്ഞു. ഇതിനുപിന്നാലെയാണ് മുരുകനെയും പ്രഭുവിനെയും കസ്റ്റഡിയിൽ എടുത്തത്.
Post Your Comments