KeralaLatest NewsNews

ശുചിത്വത്തിന്റെ ആദ്യഘട്ടം ശീലവത്ക്കരണം: ജില്ലാ കളക്ടര്‍

 

 

 

പത്തനംതിട്ട: ശീലവത്കരണമാണ് ശുചിത്വത്തിന്റെ ആദ്യഘട്ടമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍. പത്തനംതിട്ട നഗരസഭയെ മാലിന്യമുക്തമാക്കുന്നതിന് സ്വീകരിക്കാവുന്ന നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ജീവിതശൈലിയിലും പെരുമാറ്റത്തിലും നാം മാറ്റം വരുത്തേണ്ടതുണ്ട്. ശീലങ്ങള്‍ ദിനചര്യയാവുന്നതിനൊപ്പം നമ്മുടെ ഘടനയില്‍ മാറ്റം വരുത്തുകയും സുസ്ഥിരമായി അത് കൊണ്ടു പോകാന്‍ സാധിക്കുകയും ചെയ്യണം. പ്രകൃതിയുമായി ഇണങ്ങി ജീവിക്കാന്‍ സാധിക്കുന്നതിനൊപ്പം മാലിന്യം കൂട്ടി ഇടാതിരിക്കുക എന്നതാണ് ശുചിത്വവുമായി ബന്ധപ്പെട്ട് ആദ്യം നാം ചെയ്യേണ്ട കാര്യമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ സംസ്‌കരിക്കണമെന്ന് പത്തനംതിട്ട നഗരസഭ അധ്യക്ഷന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ പറഞ്ഞു. ഹരിത നഗരമാക്കുന്നതില്‍ എല്ലാ വകുപ്പുകളും സംയുക്തമായി പ്രവര്‍ത്തിക്കണം. ഓരോ ഓഫീസുകളിലും പ്രോട്ടോകോള്‍ നിരീക്ഷണ സമിതി ജൂലൈ 15നകം രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്നും ഇതിന് മികച്ച പിന്തുണ സംവിധാനം നഗരസഭ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെറി അലക്‌സ്, നഗരസഭ ആരോഗ്യ സൂപ്പര്‍വൈസര്‍ മുഹമ്മദ് ഫൈസല്‍, ജില്ലയിലെ വിവിധ ഓഫീസുകളുടെ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button