കോട്ടയം ജില്ലയിലെ വൈക്കം നഗരത്തിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് വൈക്കം മഹാദേവ ക്ഷേത്രം. പരശുരാമൻ സ്ഥാപിച്ച കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്. ഇവിടുത്തെ മഹാദേവന് “അന്നദാനപ്രഭു” എന്നൊരു പേരുമുണ്ട്.
ഗണപതി, സുബ്രഹ്മണ്യൻ, നാഗദൈവങ്ങൾ, പനച്ചിയ്ക്കൽ ഭഗവതി എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവതകൾ. വൃശ്ചികമാസത്തിൽ കറുത്തപക്ഷത്തിലെ നവമി ആറാട്ടായുള്ള ഉത്സവവും അതിനിടയിൽ വരുന്ന വൈക്കത്തഷ്ടമിയുമാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങൾ. കൂടാതെ കുംഭമാസത്തിലെ മഹാശിവരാത്രി, കുംഭാഷ്ടമിച്ചിറപ്പ്, മണ്ഡലകാലം, വിഷു എന്നിവയും വിശേഷങ്ങളാണ്.
ഖരൻ എന്ന ശിവഭക്തനായ അസുരനിൽ നിന്നും ശിവലിംഗം സ്വീകരിച്ച് വ്യാഘ്രപാദ മഹർഷിയാണ് ഇവിടെ പ്രതിഷ്ഠ നടത്തിയിരിക്കുന്നത്. ദേവശില്പിയായ വിശ്വകർമ്മാവിനെ വിളിച്ചുവരുത്തി ഭഗവാൻ പരശുരാമനാണ് ക്ഷേത്രം പണികഴിപ്പിച്ചത് എന്നാണ് ഐതിഹ്യം.
അന്നദാന പ്രഭുവായ വൈക്കത്തപ്പന്റെ ഏറ്റവും പ്രധാന വഴിപാട് “പ്രാതൽ” ആണ്. പിന്നീടുള്ള പ്രധാന വഴിപാടുകൾ ആനന്ദപ്രസാദം, സഹസ്രകലശം, ദ്രവ്യകലശം, ആയിരം കലശം, ആയിരക്കുടം, ക്ഷീരധാര, ജലധാര, ആലുവിളക്ക് എന്നിവയാണ്. ആറാട്ട് ദിവസം നടത്തുന്ന മുക്കുടി നിവേദ്യവും വിശേഷമാണ്. ക്ഷേത്രത്തിൽ വെടിവഴിപാടും നടത്തുന്നുണ്ട്. പന്ത്രണ്ട് വർഷം കൂടുമ്പോൾ നടത്തുന്ന വടക്കുപുറത്ത് പാട്ടും പ്രസിദ്ധമാണ്.
Post Your Comments