തിരുവനന്തപുരം: പ്രവാചക നിന്ദ നടത്തിയ നൂപുർ ശർമയെ പിന്തുണച്ച തയ്യൽക്കാരനെ ഉദയ്പൂരിൽ തലയറുത്ത് കൊലപ്പെടുത്തിയ സംഭവം ദൗർഭാഗ്യകരമെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇതുപോലെയുള്ളവ എതിർക്കപ്പെടുക തന്നെ വേണമെന്നും ഇത്തരം നയങ്ങൾ മുസ്ലീമിന്‍റേത് അല്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. മദ്രസ പഠനത്തിനെതിരെയും അദ്ദേഹം ശബ്ദമുയർത്തി. മദ്രസകളിൽ പഠിപ്പിക്കുന്ന കാര്യങ്ങൾ പരിശോധിക്കണമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
‘മദ്രസകളിൽ പഠിപ്പിക്കുന്ന കാര്യങ്ങൾ പരിശോധിക്കണം. തലയറുക്കുന്നതാണോ മറുപ്രവൃത്തി എന്ന് കുട്ടികളെ പഠിപ്പിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. ഇതാണോ നിയമം എന്ന് കുട്ടികളെ പഠിപ്പിക്കുന്നുണ്ടോ എന്ന് നോക്കണം. ഇത് വിശ്വാസത്തിന്‍റെ ഭാഗമാണോ എന്ന് കുട്ടികളെ പഠിപ്പിക്കുന്നുണ്ടോ എന്നും പരിശോധിക്കണം. മതനിയമങ്ങൾ എഴുതിയത് മനുഷ്യനാണ്, ഖുർആനിൽ ഉള്ളത് അല്ല. മദ്രസ പഠനം അല്ല കുട്ടികൾക്ക് നൽകേണ്ടത്. പൊതു പാഠ്യപദ്ധതിയിൽ അടിസ്ഥാനമായ വിദ്യാഭ്യാസമാണ് കുട്ടികൾക്ക് വേണ്ടത്. 14 വയസ്സ് വരെ പ്രാഥമിക വിദ്യാഭ്യാസം കിട്ടേണ്ടത് കുട്ടികളുടെ അവകാശം ആണ്.14 വയസ്സ് വരെ പ്രത്യേക പഠനം കുട്ടികൾക്ക് നൽകേണ്ടത് ഇല്ല’, ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
അതേസമയം, ഉദയ്പൂർ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു. മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യമാണ് ഇന്നലെ ഉദയ്പൂരിൽ അരങ്ങേറിയതെന്നും, വർഗീയവാദം നന്മയുടെ അവസാനത്തെ കണികയും മനുഷ്യരിൽ നിന്നും തുടച്ചു നീക്കുമെന്ന് ഈ സംഭവം ഓർമ്മപ്പെടുത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. നാടു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വർഗീയതീവ്രവാദത്തിൻ്റെ വളർച്ചയാണെന്ന താക്കീതു വീണ്ടും നൽകുന്നു. ഇസ്ലാമിക തീവ്രവാദം ഹിന്ദുത്വ തീവ്രവാദത്തിനും തിരിച്ചും എങ്ങനെ ഉത്പ്രേരകമാകുന്നു എന്ന യാഥാർത്ഥ്യത്തിലേയ്ക്കും ഈ സംഭവം വിരൽ ചൂണ്ടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments