കോഴിക്കോട് : രമേശ്ചെന്നിത്തല ഒന്നിനും കൊള്ളാത്തവനും താൻ കേമനുമാണെന്ന് വരുത്തിത്തീർക്കാനാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉഗ്രമൂർത്തിയായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നതെന്ന് എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ. സതീശനൊപ്പം കെ. സുധാകരനുംകൂടി ചേർന്നപ്പോൾ നല്ല ജോഡിയായി. മുഖ്യമന്ത്രിയെ രാജിവെപ്പിക്കാനാണ് ഇവരുടെ ശ്രമം. നല്ലവണ്ണം ആലോചിച്ച് കളിച്ചാൽ മതിയെന്നും ജയരാജൻ പറഞ്ഞു.
‘സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള യു.ഡി.എഫ്-സംഘപരിവാർ നീക്കങ്ങൾക്കെതിരെ’ കോഴിക്കോട് മുതലക്കുളത്ത് സംഘടിപ്പിച്ച എൽ.ഡി.എഫ്. റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘സോണിയാഗാന്ധിക്കു പകരം അവരുടെ ഫോട്ടോയാണ് ഇപ്പോൾ കോൺഗ്രസ് ഓഫീസുകളിൽ വെച്ചിരിക്കുന്നത്. മുഖ്യമന്ത്രിയെ തകർക്കാൻ ചെമ്പുമായി വന്നിരിക്കുകയാണ്. വി.ഡി. സതീശനെ ചെമ്പും വട്ടളവും ചുമക്കുന്ന പണിക്കേ കൊള്ളൂ. രാഷ്ട്രീയം കൈകാര്യം ചെയ്യാൻ കഴിയില്ല.’
‘കെ. കരുണാകരൻ ലീഡറാണ്. അവിടെയെത്താൻ സതീശൻ കുറെക്കാലം പിടിക്കും. പിണറായി വിജയൻ ഇരുമ്പല്ല, ഉരുക്കാണ്.’ പിണറായി വിജയൻ നടന്നുപോയ വഴിയിലൂടെ പോവാൻ വി.ഡി. സതീശൻ അഞ്ചുതവണ ജനിച്ചിട്ടുവരേണ്ടിവരുമെന്നും ജയരാജൻ പറഞ്ഞു.
ഇത് പഴയ കോൺഗ്രസല്ല, കൊലപാതകങ്ങളും അക്രമങ്ങളും നടത്തുന്ന പാർട്ടിയാണ്. ക്രിമിനൽ സംഘമാണ്, ഗുണ്ടാകോൺഗ്രസാണെന്നും ജയരാജൻ ആരോപിച്ചു. ‘രാജ്യത്തിനുതന്നെ അപമാനമുണ്ടാക്കിയ, 20 തവണ സ്വർണം കടത്തിയെന്ന് കോടതിയിൽ മൊഴിനൽകിയ ഒരുസ്ത്രീയെയാണ് മുഖ്യമന്ത്രിയെ ആക്രമിക്കാൻ കണ്ടുപിടിച്ചിരിക്കുന്നത്’ എന്നും ജയരാജൻ കുറ്റപ്പെടുത്തി.
Post Your Comments