കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ നടൻ വിജയ് ബാബു, ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്തതിനെ ന്യായീകരിച്ച് താരസംഘടനയായ ‘അമ്മ’. ‘വിജയ് ബാബുവിനെതിരെയുള്ള പീഡന പരാതി കോടതിയുടെ പരിഗണനയിലാണ്. കോടതി വിധി വരുന്നതിനു മുൻപ് എടുത്തുചാടി തീരുമാനമെടുക്കാനാകില്ല. കോടതി വിധി വന്ന ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കും. അമ്മ ഒരു ക്ലബ്ബാണ്. വിജയ് ബാബു മറ്റ് പല ക്ലബ്ബുകളിലും അംഗമാണ്. അവരാരും അയാളെ പുറത്താക്കിയിട്ടില്ല’, അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.
‘വിജയ് ബാബുവിനെതിരെ കോടതി വിധി വന്നിട്ടില്ലല്ലോ’? എന്നായിരുന്നു സിദ്ദിഖിന്റെ ചോദ്യം. ‘വിജയ് ബാബു തെരഞ്ഞെടുക്കപ്പെട്ട അംഗമാണ്. കൃത്യമായ കാരണങ്ങളില്ലാതെ പുറത്താക്കാനാകില്ല. ദിലീപിനെ പുറത്താക്കാൻ അന്നെടുത്ത തീരുമാനം തെറ്റായിരുന്നു’, സിദ്ദിഖ് കൂട്ടിച്ചേർത്തു. വിജയ് ബാബുവിനെതിരെ കടുത്ത നടപടിക്കുള്ള ആഭ്യന്തര പരാതി പരിഹാര സെൽ ശുപാർശ എക്സിക്യൂട്ടീവ് കമ്മിറ്റി തള്ളിയതിനെ ഇടവേള ബാബുവും സിദ്ദിഖുമാണ് പ്രതിരോധിച്ചത്. വിജയ് ബാബു കൂടി പങ്കെടുത്ത കൊച്ചിയിലെ വാർഷിക ജനറൽ ബോഡി യോഗത്തിനുശേഷമാണ് സംഘടന നിലപാട് അറിയിച്ചത്.
Post Your Comments