KeralaLatest NewsNews

ഇനി മൂന്ന് ശതമാനത്തിന് അപ്പുറം കേരളത്തിന് വായ്പയെടുക്കാന്‍ ആകില്ല, മുന്‍ ധനമന്ത്രി തോമസ് ഐസക്

കേരളത്തിന് ഇനി വായ്പ എടുക്കാന്‍ സാധിക്കില്ല: മുന്‍ ധനമന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: കേരളം ഉള്‍പ്പെടെയുള്ള  ചില സംസ്ഥാനങ്ങള്‍ കടക്കെണിയിലേക്ക് നീങ്ങുന്നു എന്ന റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ് തള്ളി മുന്‍ ധനമന്ത്രി തോമസ് ഐസക്. സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന സാമ്പത്തിക ഉത്തേജക നടപടികളും കിഫ്ബിയുടെ ഭീമമായ നിക്ഷേപവും മൂലം കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ വേഗത വര്‍ദ്ധിക്കുന്നതിനാല്‍ സാമ്പത്തിക നില മെച്ചപ്പെടുമെന്നാണ് അദ്ദേഹത്തിന്റെ വാദം. ഫേസ്ബുക്ക് പോസ്റ്റിലാണ് കണക്കുകള്‍ നിരത്തി തോമസ് ഐസക് തന്റെ നിലപാടുകള്‍ വിശദീകരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം..

‘2026-27 ആകുമ്പോള്‍ കേരളത്തിന്റെ കടം ജിഡിപിയുടെ എത്ര ശതമാനം വരും? ഇപ്പോള്‍ അവതരിപ്പിക്കുന്ന കേരള ബജറ്റ് പ്രകാരം 2022-23-ലായിരിക്കും ഇത് ഏറ്റവും ഉയര്‍ന്ന തോതില്‍ വരിക. 37.18 അതുകഴിഞ്ഞാല്‍ കടത്തോത് കുറഞ്ഞുവരും. 2024-25-ല്‍ അത് 35.7 ശതമാനമേ വരൂ’.

‘എന്നാല്‍, എന്റെ കണക്കുകൂട്ടല്‍ 2024-25 ആകുമ്പോഴേയ്ക്കും അത് 32-33 ശതമാനമായി താഴുമെന്നാണ്. കാരണം ബജറ്റ് രേഖയിലെ അനുമാനം, ധനക്കമ്മി 3.5 ശതമാനം
വച്ച് തുടരുമെന്നുള്ളതാണ്. ഇതിനുള്ള ഒരു അവകാശവും സംസ്ഥാന സര്‍ക്കാരിന് ഉണ്ടാവില്ല. 3 ശതമാനത്തിന് അപ്പുറം വായ്പയെടുക്കാന്‍ കഴിയുകയില്ല’.

‘റിസര്‍വ് ബാങ്കിന്റെ പഠനം പറയുന്നത് രാജസ്ഥാന്‍, കേരളം, ബംഗാള്‍ എന്നിവയുടെ കടം 2026-27-ല്‍ ഈ സംസ്ഥാനങ്ങളുടെ ജിഡിപിയുടെ 35 ശതമാനത്തില്‍ അധികം വരുമെന്നാണ്. ദൗര്‍ഭാഗ്യവശാല്‍ ഈ പ്രൊജക്ഷന്റെ അനുമാനങ്ങള്‍ പഠനത്തില്‍ ലഭ്യമല്ല’, അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ (ഗിഫ്റ്റ്) ആര്‍ബിഐ പഠനത്തിന്റെ ഒരു വിമര്‍ശന പ്രബന്ധം തയ്യാറാക്കുന്നുണ്ട്. അതില്‍ അവര്‍ കേരളത്തിന്റെ കടബാധ്യതയുടെ ഭാവി പ്രവണതകളെ പ്രവചിക്കുന്നുണ്ട്. 2001-22 കാലത്തെ പ്രവണതകളുടെ അടിസ്ഥാനത്തിലാണ് പ്രൊജക്ഷന്‍. ഇതുസംബന്ധിച്ച ഗ്രാഫില്‍, കേരളത്തിന്റെ ജിഎസ്ഡിപി കോവിഡിനു മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ താഴ്ന്ന നിലയിലേ വര്‍ദ്ധിക്കുന്നുള്ളൂ. എന്നിരുന്നാല്‍ തന്നെയും, 3 ശതമാനം വീതം ഓരോ വര്‍ഷവും കടം വാങ്ങിക്കൊണ്ടിരുന്നാല്‍ 2026-27 ആകുമ്പോള്‍ കേരളത്തിന്റെ കടം ജിഡിപിയുടെ 30 ശതമാനമായി കുറയും. ഇതാണ് യാഥാര്‍ത്ഥ്യം.

‘ഗിഫ്റ്റിന്റെ ഇതേ പഠനത്തില്‍ വിവിധ ആധികാരിക പഠനങ്ങളുടെ അടിസ്ഥാനത്തില്‍ കേരളത്തിന്റെ കടം-ജിഡിപി തോതില്‍ വന്ന മാറ്റങ്ങള്‍ നല്‍കുന്നുണ്ട്. 1997-98/2003-04 കാലത്ത് ഇത് 31.8 ശതമാനം ആയിരുന്നു. കേരളത്തിന്റെ റാങ്ക് ഏഴാമത്തേത് ആയിരുന്നു. 2004-05/2011-12 കാലത്ത് ഇത് 33.3 ശതമാനം ആയി ഉയര്‍ന്നു. കേരളത്തിന്റെ റാങ്ക് ഏഴായി തന്നെ തുടര്‍ന്നു. 2012-13/2015-26 കാലത്ത് ഇത് 31.5 ശതമാനം ആയി കുറഞ്ഞു. റാങ്ക് നാലാമത്തേത് ആയി. 2016-17/2019-20 കാലത്ത് വീണ്ടും 30.83 ശതമാനം ആയി കുറഞ്ഞു. റാങ്ക് ആറാമത്തേതായി. കോവിഡ് കാലത്ത് ഇത് കുത്തനെ ഉയര്‍ന്നു. 2026-27 ആകുമ്പോഴേയ്ക്കും ഇത് വീണ്ടും 30 ശതമാനമായി താഴും’.

‘എന്തുകൊണ്ട് കടം-ജിഡിപി തോത് കുറയുമെന്നുള്ളത് ഒന്നുകൂടി വിശദീകരിക്കട്ടെ. കേരള സര്‍ക്കാര്‍ സ്വീകരിക്കുന്ന സാമ്പത്തിക ഉത്തേജക നടപടികളും കിഫ്ബിയുടെ ഭീമമായ നിക്ഷേപവും മൂലം കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ വേഗത വര്‍ദ്ധിക്കും. അതേസമയം, ഒരു കാരണവശാലും കേരളത്തിന് ഇനി 3 ശതമാനത്തിന് അപ്പുറം വായ്പയെടുക്കാന്‍ ആവില്ല. ഓഫ് ബജറ്റ് വായ്പയോ ട്രഷറി സേവിംഗ്‌സ് ബാങ്ക് വഴിയുള്ള വായ്പയോ ഇനി സാധ്യമല്ല. ഈ പശ്ചാത്തലത്തില്‍ കടം-ജിഡിപി തോത് കുറയാതെ നിര്‍വ്വാഹമില്ല. കേരളം മാത്രമല്ല ഇന്ത്യയിലെ ഒരു സംസ്ഥാനവും കടക്കെണിയില്‍ ചെന്നു വീഴില്ല’ , അദ്ദേഹം ചൂണ്ടിക്കാട്ടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button