കാസർഗോഡ്: പ്രവാസിയെ തട്ടികൊണ്ടു പോയി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പുത്തിഗെ മുഗു റോഡ് സ്വദേശി അബൂബക്കർ സിദ്ദിഖാണ് കൊല്ലപ്പെട്ടത്. സഹോദരൻ അൻസാരിയെയും സുഹൃത്തിനെയും കഴിഞ്ഞദിവസം ഒരുസംഘം തട്ടിക്കൊണ്ടുപോയിരുന്നതായി പോലീസ് പറഞ്ഞു. ഇവരെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഗൾഫിലായിരുന്ന സിദ്ദിഖിനെ സംഘം നാട്ടിലെത്തിക്കുകയായിരുന്നു.
ഞായറാഴ്ച രാവിലെ ഗൾഫിൽനിന്നെത്തിയ സിദ്ദിഖിനെ സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി ഏഴരയോടെ ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിൽ സിദ്ദിഖിനെ എത്തിച്ച് സംഘം കടന്നുകളഞ്ഞു. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലെ ഡോക്ടർമാരും നഴ്സുമാരും പരിശോധിച്ചപ്പോഴാണ് സിദ്ദിഖ് മരിച്ചതായി ബോധ്യപ്പെട്ടത്. തുടർന്ന്, മരണവിവരം അറിയിക്കാൻ ഒപ്പമെത്തിയവരെ അന്വേഷിച്ചപ്പോഴേക്കും അവർ കടന്നുകളഞ്ഞിരുന്നു. ഗൾഫിലേക്കുള്ള ഡോളർ കടത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് തട്ടിക്കൊണ്ടുപോകലിലേക്കും കൊലയിലേക്കും നയിച്ചതെന്നാണ് പോലീസ് അനുമാനിക്കുന്നത്.
സിദ്ദിഖിന് കാലിനടിയിൽ മാത്രമാണ് പരിക്കുള്ളത്. വെള്ളത്തിൽ മുക്കിക്കൊന്നതാണെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന, കാസർഗോഡ് ഡിവൈ.എസ്.പി. പി. ബാലകൃഷ്ണൻ നായർ, കുമ്പള ഇൻസ്പെക്ടർ പി. പ്രമോദ് തുടങ്ങിയവർ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. വിദഗ്ധ പരിശോധനയ്ക്കായി മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments