തിരുവനന്തപുരം: സ്വപ്നയുടെ ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ദുബായ് യാത്രയിൽ ബാഗേജ് എടുക്കാൻ മറന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സ്വർണ്ണക്കടത്തിൽ സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴി തള്ളി നിയമസഭയിൽ രേഖാമൂലം മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. ബാഗേജ് കാണാതായിട്ടില്ലാത്തതിനാൽ കറൻസി കടത്തി എന്ന ചോദ്യം ഉദിക്കുന്നില്ലെന്നും മുഖ്യമന്ത്രിയുടെ മറുപടിയില്‍ പറയുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ 2016-ൽ വിദേശ സന്ദർശനത്തിനിടെ കറൻസി കടത്തിയതായും ഈ സമയത്ത് കറൻസിയടങ്ങിയ ഒരു ബാഗ് മറന്നതുമായി ബന്ധപ്പെട്ടാണ് ആദ്യമായി ശിവശങ്കറുമായി ബന്ധമുണ്ടാകുന്നതെന്നുമായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തൽ. കള്ളപ്പണക്കേസിൽ രഹസ്യമൊഴി നൽകിയ ശേഷമാണ് സ്വപ്ന മാധ്യമങ്ങൾക്ക് മുന്നിൽ ഇക്കാര്യങ്ങൾ വിശദീകരിച്ചത്. എന്നാല്‍ ഈ ആരോപണം പൂര്‍ണ്ണമായും തള്ളുകയാണ് മുഖ്യമന്ത്രി.
സ്വപ്നയുടെ ആരോപണം കാണാം:
‘2016-ൽ മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ പോകുന്ന സമയത്താണ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കർ ആദ്യമായി എന്നെ ബന്ധപ്പെടുന്നത്. അന്ന് ഞാൻ കോൺസുൽ ജനറലിന്‍റെ സെക്രട്ടറിയായിരിക്കുന്ന കാലത്തായിരുന്നു ഇത്. ചീഫ് മിനിസ്റ്റർ ഒരു ബാഗ് മറന്ന് പോയി. ആ ബാഗ് എത്രയും പെട്ടെന്ന് ദുബായിലെത്തിച്ച് തരണം എന്നാണ് ശിവശങ്കർ ആവശ്യപ്പെട്ടത്. അത് നിർബന്ധമായി എത്തിക്കണമെന്നും പറഞ്ഞു. അന്ന് കോൺസുലേറ്റിലെ ഒരു ഡിപ്ലോമാറ്റിന്‍റെ കയ്യിലാണ് ഈ ബാഗ് കൊടുത്തുവിടുന്നത്.
ആ ബാഗ് കോൺസുലേറ്റ് ഓഫീസിൽ കൊണ്ടുവന്നപ്പോൾ നമ്മൾ മനസ്സിലാക്കിയത് അത് കറൻസിയായിരുന്നു എന്നാണ്. ബാക്കിയുള്ള കാര്യങ്ങളൊന്നും എനിക്കിപ്പോൾ പറയാൻ പറ്റുന്നതല്ല. അതിനൊപ്പം തന്നെ വളരെ സർപ്രൈസിംഗായിട്ട് ബിരിയാണി പാത്രങ്ങളും കോൺസുലേറ്റിൽ നിന്ന് ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. വലിയ വെയ്റ്റുള്ള പാത്രങ്ങളാണ് ഇതിലുണ്ടായിരുന്നത്. പാത്രം മാത്രമല്ല, മറ്റെന്തൊക്കെയോ ലോഹവസ്തുക്കൾ ഉണ്ടായിരുന്നതായിട്ടാണ് സൂചന. ഇങ്ങനെ നിരവധി തവണ കോൺസുലേറ്റിൽ നിന്ന് ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. ഇങ്ങനെ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.’
Post Your Comments