ന്യൂഡൽഹി: റെയ്ഡിനെത്തിയ ഉദ്യോഗസ്ഥർ മകനെ വധിച്ചെന്ന ആരോപണവുമായി സർക്കാർ ഉദ്യോഗസ്ഥൻ. പഞ്ചാബിലെ സർക്കാർ ഉദ്യോഗസ്ഥനായ സഞ്ജയ് പോപ്ലിയാണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. അഴിമതിക്കേസിൽ അറസ്റ്റിലായ സഞ്ജയ് പോപ്ലിയുടെ വീട്ടിൽ നടന്ന റെയ്ഡിനിടയിലാണ് സംഭവം.
ഇക്കഴിഞ്ഞ ജൂൺ 20ന്, കൈക്കൂലി വാങ്ങിയെന്ന കേസിൽ സഞ്ജയ് അറസ്റ്റിലായിരുന്നു. പഞ്ചാബിലെ നവാൻഷറിൽ, അഴുക്കുചാലുകൾ സ്ഥാപിക്കുന്നതിനുള്ള ടെൻഡറുകൾ നല്കാനായി കൈക്കൂലി വാങ്ങിയെന്നായിരുന്നു ഇദ്ദേഹത്തിനെതിരെയുള്ള കേസ്. അന്വേഷണവുമായി ബന്ധപ്പെട്ട് വീട്ടിൽ വിജിലൻസ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുന്നതിനിടയിലാണ് സംഭവം നടന്നത്. റെയ്ഡിനിടയിൽ, സഞ്ജയുടെ മകൻ കാർത്തിക് സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു.
എന്നാൽ, തന്റെ മകനെ അന്വേഷണ ഉദ്യോഗസ്ഥർ വെടിവെച്ച് കൊന്നുവെന്നാണ് സഞ്ജയ് വ്യക്തമാക്കുന്നത്. കൊലപാതകത്തിന് താൻ ദൃക്സാക്ഷിയാണെന്നും അദ്ദേഹം പറയുന്നു.
അഭിഭാഷകനായിരുന്ന തന്റെ മകനെ ഈ കേസ് മൂലം തനിക്ക് നഷ്ടപ്പെട്ടുവെന്നും, തങ്ങൾക്ക് അനുകൂലമായി മൊഴി നൽകാൻ ഉദ്യോഗസ്ഥർ ഒരുപാട് നിർബന്ധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റെയ്ഡിനിടയിൽ, നിരവധി സ്വർണ്ണനാണയങ്ങളും വെള്ളിനാണയങ്ങളും പണവും മൊബൈൽ ഫോണുകളും കണ്ടെത്തിയെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. അതേസമയം, കാർത്തിക് സ്വയം വെടിവെച്ച് മരിച്ചതാണ് എന്നാണ് പോലീസ് റിപ്പോർട്ടിലും പരാമർശിക്കുന്നത്.
Post Your Comments