മുംബൈ: മന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിമത നീക്കത്തെ തുടര്‍ന്ന് ശിവസേനയ്ക്കുള്ളില്‍ പ്രതിസന്ധി രൂക്ഷമായതോടെ മഹാരാഷ്ട്രയില്‍ ഏത് സമയവും വിശ്വാസ വോട്ടെടുപ്പ് നടക്കാനുള്ള സാഹചര്യമാണ് ഉരുത്തിരിഞ്ഞ് വന്നിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കില്ലെന്ന് ഉദ്ധവ് താക്കറെ വ്യക്തമാക്കിയ സാഹചര്യവും വിശ്വാസ വോട്ടെടുപ്പിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതാണ്. നിലവിലെ സാഹചര്യത്തില്‍ വിശ്വാസ വോട്ടെടുപ്പ് നടന്നാല്‍ ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് എന്നിവരുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി (എംവിഎ) സഖ്യത്തിന് അധികാരം നഷ്ടപ്പെടുമെന്ന് ഉറപ്പാണ്.
ഈ സാഹചര്യത്തിലാണ് 2019 മുതല്‍ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന വിശ്വാസപ്രമേയ വോട്ടെടുപ്പുകളുടെ ഫലം പ്രസക്തമാകുന്നത്. കര്‍ണാടകയിൽ 17 എംഎല്‍എമാരുടെ മുഖ്യമന്ത്രി എച്ച്‌ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജെഡി(എസ്)-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാറിനെ തകര്‍ച്ചയിലേക്ക് നയിക്കുകയായിരുന്നു. സുപ്രീംകോടതി വരെ നീണ്ട പോരാട്ടത്തിനൊടുവില്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം അന്നത്തെ സ്പീക്കര്‍ കെആര്‍ രമേഷ് കുമാര്‍ 17 വിമത എംഎല്‍എമാരെയും സഭയില്‍ നിന്ന് അയോഗ്യരാക്കിയതോടെ, സഭയുടെ അംഗബലം 208 ആയി (സ്പീക്കര്‍ ഉള്‍പ്പെടെ) കുറച്ചു.
ഈ അയോഗ്യതയോടെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷ സംഖ്യ 104 ആയി ചുരുങ്ങുകയും ഒരു സ്വതന്ത്ര എംഎല്‍എയുടെ പിന്തുണയോടെ, ബിജെപി 99 നെതിരെ 105 വോട്ടുകള്‍ക്ക് അവിശ്വാസ പ്രമേയത്തില്‍ വിജയിക്കുകയും ചെയ്തതോടെ കുമാരസ്വാമി സഖ്യ സര്‍ക്കാര്‍ നിലംപതിക്കുകയും ചെയ്തു. പിന്നാലെ, അദ്ദേഹം രാജി സമര്‍പ്പിക്കുകയും തുടര്‍ന്ന് ബിഎസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.
അതേസമയം, അഭിപ്രായവ്യത്യാസങ്ങള്‍ ചൂണ്ടിക്കാട്ടി ജ്യോതിരാദിത്യ സിന്ധ്യ ഉള്‍പ്പെടെ 22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചതോടെയാണ് മധ്യപ്രദേശിലെ പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത്. 230 അംഗ നിയമസഭയില്‍ ബി ജെ പിയുടെ 107 എം എല്‍ എമാരും മുമ്പ് കമല്‍നാഥ് സര്‍ക്കാരിനെ പിന്തുണച്ച രണ്ട് ബി എസ് പി, സ്വതന്ത്ര എം എല്‍ എമാരും ഏക എസ് പി എം എല്‍ എയും അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് ഉറപ്പായതോടെ കോണ്‍ഗ്രസിന് ഭൂരിപക്ഷം നഷ്ടമായി. വിശ്വാസ വോട്ടെടുപ്പിനെത്തുടര്‍ന്ന് കമല്‍നാഥ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചപ്പോള്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവ് ശിവരാജ് ചൗഹാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.
ആറ് എം എല്‍ എമാര്‍ പിന്തുണ പിന്‍വലിക്കുകയും മൂന്ന് ബി ജെ പി എം എല്‍ എമാര്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേരുകയും ചെയ്‌തതോടെ മണിപ്പൂരിലെ ബി ജെ പി സഖ്യസര്‍ക്കാര്‍ പ്രതിസന്ധിയിലാവുകയായിരുന്നു. ഭൂരിപക്ഷം നഷ്ടമാവുമെന്ന് ഉറപ്പായതോടെ സംസ്ഥാനത്ത് ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവന്നു. അതേസമയം പാര്‍ട്ടി വിപ്പ് ലംഘിച്ച് എട്ട് പ്രതിപക്ഷ കോണ്‍ഗ്രസ് എം എല്‍ എമാര്‍ ഏകദിന സമ്മേളനത്തില്‍ പങ്കെടുക്കാതിരുന്നതോടെ മണിപ്പൂരിലെ ബിരേന്‍ സിംഗ് സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി.
Post Your Comments