KeralaLatest NewsNews

സാംസ്‌കാരിക കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സാംസ്‌കാരിക സർക്യൂട്ട് നടപ്പാക്കും: മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: സംസ്ഥാനത്ത് കാസർകോഡ് മുതൽ പാറശാല വരെയുള്ള സാംസ്‌കാരിക കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സാംസ്‌കാരിക സർക്യൂട്ട് നടപ്പാക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ടൂറിസം സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തി ആവിഷ്‌കരിച്ചിരിക്കുന്ന പദ്ധതി മൂന്നു മാസത്തിനകം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. വട്ടിയൂർക്കാവ് ഗുരുഗോപിനാഥ് നടനഗ്രാമം സംഘടിപ്പിക്കുന്ന നാട്യോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Read Also: ഉദ്ധവ് താക്കറെ സര്‍ക്കാര്‍ പതനത്തിന്റെ വക്കില്‍ നില്‍ക്കെ, ദേവേന്ദ്ര ഫഡ്നാവിസ് ഡല്‍ഹിയിലേയ്ക്ക്

സംസ്ഥാനത്തെ യുവജനങ്ങൾ, ഗവേഷകർ, വിനോദസഞ്ചാരികൾ തുടങ്ങിയവർക്ക് ഏറെ പ്രയോജനപ്പെടുന്നതാകും സാംസ്‌കാരിക ടൂറിസം സർക്യൂട്ടെന്നു മന്ത്രി പറഞ്ഞു. ഇതിന്റെ അനുബന്ധമായി ഒരു ലിറ്റററി ഫെസ്റ്റും സംഘടിപ്പിക്കാൻ ആലോചിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ സാംസ്‌കാരിക ഉന്നമനത്തിനായുള്ള പ്രതിജ്ഞാബദ്ധമായ ഉത്സവം എന്ന നിലയ്ക്കാകും ഇതു സംഘടിപ്പിക്കുന്നത്. ശാസ്ത്രവും യുക്തിയും പ്രായോഗികതലത്തിൽ എത്തിക്കുന്നതിൽ സമൂഹം പിന്നാക്കംപോകുന്ന സാഹചര്യമാണ് ഇപ്പോൾ. വിദ്വേഷത്തിന്റെയും പകയുടേയും സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കു കൈയടികിട്ടുന്ന കാലമാണ്. ഇതിനെതിരേ മനുഷ്യത്വം ഉയർത്തിപ്പിടിച്ച് പാർശവത്കരിക്കപ്പെട്ടവരെ ചേർത്തു നിർത്താൻ ഉതകുന്നതാകും രണ്ടു പദ്ധതികളെന്നും അദ്ദേഹം പറഞ്ഞു.

ഗുരുഗോപിനാഥ് നടനഗ്രാമത്തെ ലോക നിലവാരത്തിലേക്ക് ഉയർത്തുന്നതിൽ സംസ്ഥാന സർക്കാരിന്റെ പൂർണ പിന്തുണ മന്ത്രി ചടങ്ങിൽ വാഗ്ദാനം ചെയ്തു. വികസന പദ്ധതികളിൽ പൊതുജനങ്ങളുടേയും പൂർണ സഹകരണം വേണം. നടനഗ്രാമത്തിലേക്കുള്ള റോഡ് വികസനത്തിൽ പരിസരവാസികൾ സർക്കാരിനോടു സഹകരിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

നടനഗ്രാമം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വി.കെ. പ്രശാന്ത് എം.എൽ.എ. അധ്യക്ഷത വഹിച്ചു. ഒഡീസി നർത്തക പത്മശ്രീ അരുണ മൊഹന്തി, കെ.എസ്.എഫ്.ഡി.സി. ചെയർമാൻ കരമന ഹരി, ഗുരു ഗോപിനാഥ് നടനഗ്രാമം വൈസ് ചെയർമാൻ കരമന ഹരി, ട്രിഡ ചെയർമാൻ കെ.സി. വിക്രമൻ, നടനഗ്രാമം സെക്രട്ടറി ശബ്‌ന ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു. 29 വരെ നീണ്ടുനിൽക്കുന്ന നാട്യോത്സവത്തിൽ ഗോപികാ വർമ, വിനീത്, ലക്ഷ്മി ഗോപാലസ്വാമി, ശോഭന, ഡോ. അരുണ മൊഹന്തി, കമാലിനി അസ്താന, നളിനി അസ്താന, ഗുരു ശഷദാർ ആചാര്യ, ദീപികാ റെഡ്ഡി, ആശാ ശരത് തുടങ്ങി നിരവധി പ്രമുഖർ നൃത്തം അവതരിപ്പിക്കും.

Read Also: ഉദ്ധവ് താക്കറയ്‌ക്കൊപ്പം മഹാവികാസ് സഖ്യം ഉറച്ചുനിൽക്കും: നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കുമെന്ന് ശരദ് പവാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button