KeralaLatest NewsNews

പരമ്പരാഗത വള്ളങ്ങൾക്ക് ട്രോളിംഗ് നിരോധന കാലയളവിൽ മത്സ്യബന്ധനത്തിനു നിരോധനമെന്ന വാർത്ത വ്യാജം: മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: അടുത്ത വർഷം മുതൽ പരമ്പരാഗത വള്ളങ്ങൾക്കും ട്രോളിംഗ് നിരോധന കാലയളവിൽ മത്സ്യബന്ധനത്തിന് നിരോധനമേർപ്പെടുത്തുമെന്ന രീതിയിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത വസ്തുതാവിരുദ്ധമാണെന്ന് മത്സ്യബന്ധനവകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. ഇത്തരത്തിൽ യാതൊരു ചർച്ചയും തീരുമാനവും ഉണ്ടായിട്ടില്ല. രാഷ്ട്രീയ ലക്ഷ്യത്തോടെ മത്സ്യത്തൊഴിലാളികളിൽ ആശങ്ക പടർത്താനായി ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും. ഇത്തരം കള്ളപ്രചാരണങ്ങളിൽ വീഴാതെ ട്രോളിംഗ് വിജയിപ്പിക്കുവാൻ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ എല്ലാവരും മുന്നോട്ട് വരണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

Read Also: കോന്തുരുത്തി പുഴ കയ്യേറി താമസിക്കുന്ന 122 പേരെ ലൈഫ് മിഷനിൽ ഉൾപ്പെടുത്തി പുനരധിവസിപ്പിക്കും

കേരള തീരക്കടലിൽ അശാസ്ത്രീയവും നിയമവിരുദ്ധവുമായ രീതിയിൽ മത്സ്യബന്ധനത്തിലേർപ്പെടുന്നവർക്കും യാനങ്ങൾക്കുമെതിരെ കർശന നടപടി സ്വീകരിക്കും. പുതുക്കിയ കെ.എം.എഫ്.ആർ ചട്ടം അനുസരിച്ച് നിരോധിത വലകൾ ഉപയോഗിച്ചുള്ളതും നശീകരണ മത്സ്യബന്ധന രീതികളായ ഡൈനാമൈറ്റ് പോലുള്ള സ്ഫോടക വസ്തുക്കൾ, വിഷം, മറ്റ് മാരകമായ രാസവസ്തുക്കൾ, കൃത്രിമ പ്രകാശം എന്നിവ ഉപയോഗിച്ചുളളതും തെങ്ങിന്റെ ക്ലാഞ്ഞിൽ, വൃക്ഷ ശിഖരങ്ങൾ എന്നിവ ഉപയോഗിച്ചും പ്ലാസ്റ്റിക് ബോട്ടിലുകൾ, ഉപയോഗശൂന്യമായ വല എന്നിവ കൂട്ടികെട്ടിയുമുള്ളതുമായ മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്.

സി.എം.എഫ്.ആർ.ഐയുടെ റിപ്പോർട്ടിന്റെയും ശുപാർശയുടെയും അടിസ്ഥാനത്തിൽ കേരളതീരത്ത് സുലഭമായ 58 ഇനം മത്സ്യ ഇനങ്ങളുടെ കാര്യത്തിൽ നിയമപരമായി പിടിച്ചെടുക്കാവുന്ന ഏറ്റവും കുറഞ്ഞ വലിപ്പം നിശ്ചയിച്ച് സർക്കാർ വിജ്ഞാപനം ഇറക്കിയിട്ടുണ്ട്.

ട്രോളിംഗ് നിരോധനം നിലനിൽക്കുന്ന കാലയളവ് കേരളത്തിൽ സുലഭമായ പ്രധാന മത്സ്യങ്ങളുടെ പ്രജനന കാലമാണ്. എന്നാൽ ഈ മത്സ്യങ്ങളെ പരമ്പരാഗത വള്ളങ്ങൾ അശാസ്ത്രീയ മത്സ്യബന്ധനത്തിലൂടെ പിടിച്ച് വളത്തിനായി വിൽപന നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ചെറുമത്സ്യങ്ങളെ ഇങ്ങനെ വൻതോതിൽ പിടിച്ച് നശിപ്പിക്കുന്നത് കടൽമത്സ്യസമ്പത്തിന്റെ ശോഷണത്തിന് കാരണമാകുമെന്നതിനാൽ അത്തരം തെറ്റായ മത്സ്യബന്ധന രീതികളിൽ നിന്നും മത്സ്യത്തൊഴിലാളികൾ വിട്ടുനിൽക്കണം. ഇക്കാര്യം ഉറപ്പുവരുത്താനായി സംസ്ഥാനത്തെ എല്ലാ ഹാർബറുകളിലും ലാന്റിംഗ് സെന്ററുകളിലും പരിശോധന ശക്തമാക്കും. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ കർശനനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Read Also: രാഷ്ട്രീയ ധ്രൂവീകരണമാണ് ബിജെപി ലക്ഷ്യമിടുന്നത്, അതിനാല്‍ ദ്രൗപതി മുര്‍മുവിനെ അംഗീകരിക്കാനാകില്ല: സീതാറാം യെച്ചൂരി

shortlink

Related Articles

Post Your Comments

Related Articles


Back to top button