കൊച്ചി: സിസ്റ്റർ അഭയ വധക്കേസിൽ ചുക്കും ചുണ്ണാമ്പും അറിയാത്ത അഭിഭാഷകനാണ് സി.ബി.ഐക്ക് വേണ്ടി ഹാജരായതെന്ന ആരോപണവുമായി ജോമോന്‍ പുത്തന്‍പുരക്കല്‍. പ്രതികൾക്ക് ഹെെക്കോടതി ശിക്ഷാ വിധി മരവിപ്പിച്ച് ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് ജോമോന്‍റെ വിമർശനം. കോടതി ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് പോലും ഉത്തരം പറയാന്‍ അഭിഭാഷകന് കഴിയുന്നില്ലെന്നും ജോമോൻ പറഞ്ഞു. കോടാലിയെന്താണെന്ന് അറിയാത്ത അഭിഭാഷകനെ അതെന്താണെന്ന് ധരിപ്പിച്ചത് കോടതിയാണെന്നും കേസിൽ പതിറ്റാണ്ടുകളായി നിയമപോരാട്ടം നടത്തുന്ന അദ്ദേഹം കുറ്റപ്പെടുത്തി.
‘പ്രതികള്‍ കൊലക്കുപയോഗിച്ച ആയുധം കോടാലിയാണ്. എന്നാൽ അത് വാദിക്കുന്ന ആളുതന്നെ ആത്മഹത്യയാണെന്നും വാദിക്കുന്നു. പ്രതിഭാഗത്തിന്റെ വാദത്തിലെ വെെരുദ്ധ്യം കോടതിയെബോധ്യപ്പെടുത്തേണ്ട ആവശ്യമേയുള്ളു. കൈക്കോടലിയാണോ കോടാലിയാണോ എന്ന തര്‍ക്കത്തിന്റെ ആവശ്യം എന്താണ്? ബിനോദ് ചന്ദ്രന്‍ അദ്ധ്യക്ഷനായ ഇതേ ബെഞ്ച്, പ്രതികളുടെ അപ്പീലിന് കൗണ്ടര്‍ ഫയല്‍ ചെയ്യണമെന്ന് കഴിഞ്ഞ വര്‍ഷം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതുവരെ അത് ഫയൽ ചെയ്തിട്ടില്ല’, ജോമോൻ വ്യക്തമാക്കി.
‘കേസിന്റെ മെറിറ്റ് ബോധ്യപ്പെടുത്തുന്നതില്‍ സി.ബി.ഐ പ്രോസിക്യൂട്ടര്‍ പരാജയപ്പെട്ടു. ഹൈക്കോടതിയില്‍ സി.ബി.ഐക്ക് കേന്ദ്രസര്‍ക്കാര്‍ സ്റ്റാന്റിങ്ങ് പ്രോസിക്യൂട്ടറെ അനുവദിച്ചിട്ടില്ല. ഇത്, പ്രതികള്‍ക്ക് ജാമ്യം കിട്ടാന്‍ സഹായിച്ചു എന്ന് സംശയിച്ചാല്‍ കുറ്റപ്പെടുത്താനാകില്ല. പ്രതികള്‍ക്ക് ജാമ്യം കിട്ടാന്‍ സഹായിച്ചോയെന്ന് അന്വേഷിക്കണം,’ ജോമോൻ പറഞ്ഞു.
Post Your Comments