ന്യൂഡൽഹി: മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സഖ്യസർക്കാർ അകാലത്തിൽ രാജിവെക്കുമ്പോൾ, ശിവസേന എന്ന പാർട്ടിയുടെ നെടുകെയുള്ള പിളർപ്പിലേക്ക് ഉറ്റുനോക്കി രാഷ്ട്രീയ ലോകം. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് ഇത് ഇരട്ടനഷ്ടമാണ്. അദ്ദേഹത്തിന് മുഖ്യമന്ത്രിക്കസേര നഷ്‌ടമാകുമെന്ന് മാത്രമല്ല, വിമതനായ ഏക്‌നാഥ് ഷിൻഡെയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ ഭൂരിഭാഗം എം.എൽ.എമാരും ചേർന്നതോടെ പാർട്ടിയിലെ പിടിയും നഷ്ടപ്പെടും.
ഇതിനിടെ, ഏക്‌നാഥ് ഷിന്‍ഡേയെ നിയമസഭ കക്ഷി നേതാവായി ശിവസേന വിമത എംഎല്‍എമാര്‍ തെരഞ്ഞെടുത്തു കഴിഞ്ഞു. ഇക്കാര്യം വ്യക്തമാക്കി മഹാരാഷ്ട്ര ഗവര്‍ണര്‍ക്കും ഡെപ്യൂട്ടി സ്പീക്കര്‍ക്കും എംഎല്‍എമാര്‍ കത്ത് നല്‍കി. 34 എംഎല്‍എമാര്‍ കത്തില്‍ ഒപ്പിട്ടുണ്ട്. ഇതോടെ ഉദ്ധവ് താക്കറേ വിളിച്ച എംഎല്‍എമാരുടെ യോഗത്തിന്റെ പ്രാധാന്യം നഷ്ടപ്പെടുകയും യോഗം റദ്ദാക്കുകയും ചെയ്തു. ഉദ്ധവിനൊപ്പം യോഗത്തിലെത്താൻ ആകെ 16 പേര് പോലും ഉണ്ടായില്ലെന്നാണ് റിപ്പോർട്ടുകൾ.
വിമത എംഎല്‍എമാര്‍ വിട്ടുവീഴ്ചക്കൊരുങ്ങാതെ വന്നതോടെ ഉദ്ധവ് താക്കറേ അല്പസമയത്തിനുള്ളിൽ ഫേസ്ബുക്കിലൂടെ തത്സമം പ്രതികരിക്കും. 46 എംഎല്‍എമാര്‍ തന്നോടൊപ്പമുണ്ടെന്നാണ് ഷിന്‍ഡേ അവകാശപ്പെടുന്നത്. ഇത് വ്യക്തമാക്കി ഫോട്ടോയും അദ്ദേഹം പുറത്തുവിട്ടു. ശിവസേന ബിജെപിയുമായി വീണ്ടും സഖ്യത്തിലെത്തി യോജിച്ച് ഭരിക്കണമെന്നാണ് ഷിന്‍ഡെയുടെ ആവശ്യം.
ബാലാ സാഹേബ് താക്കറെയുടെ ഐഡിയോളജിയിൽ നിന്ന് ഉദ്ധവും മകനും വ്യതിചലിച്ചതോടെയാണ് പാർട്ടിയെ നിലനിർത്താനായി ഷിൻഡെയ്ക്ക് ഇത് ചെയ്യേണ്ടി വന്നതെന്ന് അദ്ദേഹം പറഞ്ഞു. അണികൾ ശിവസേനയിൽ നിന്നും കൊഴിഞ്ഞു പോകാതിരിക്കാനാണ് തങ്ങൾ ഇത് ചെയ്തതെന്നും, ബിജെപിക്കൊപ്പം തങ്ങൾ മഹാരാഷ്ട്ര ഭരിക്കുമെന്നും ഷിൻഡെ പറഞ്ഞു.
Post Your Comments