Latest NewsIndia

വിമത ക്യാമ്പിലേക്ക് എംഎൽഎമാർ ഒഴുകുന്നു: 40 എംഎൽഎമാരുടെ പിന്തുണയുമായി ഷിൻഡെ

മുംബൈ: മഹാരാഷ്ട്രയിൽ ഉദ്ദവ് താക്കറെ സർക്കാരിന്റെ പ്രതിസന്ധിക്ക് പരിഹാരമാകുന്നില്ല. ബിജെപിക്ക് പിന്തുണ നൽകിയില്ലെങ്കിൽ പാർട്ടി പിളർത്തുമെന്ന നിലപാടിലാണ് ഏക്നാഥ് ഷിൻഡെ. ഇന്ന് ഉച്ചക്ക് ഒരുമണിക്ക് ചേരുന്ന മന്ത്രിസഭാ യോ​ഗം നിർണായകമാകും. ശിവസേനയിലെ 34 ഉം ഏഴ് സ്വതന്ത്രരുമടക്കം 40 എംഎൽഎമാർ തനിക്കൊപ്പമുണ്ടെന്നാണ് ഷിൻഡെ അവകാശപ്പെടുന്നത്. അത് തെളിയിക്കുന്ന ഫോട്ടോയും ഷിൻഡെ പുറത്തുവിട്ടു.

ഉപമുഖ്യമന്ത്രി പദം നൽകാമെന്ന ഉദ്ദവിന്റെ വാ​ഗ്ദാനവും ഷിൻഡെ തള്ളി. ബിജെപിയെ പിന്തുണയ്ക്കുക എന്നതിനുപ്പുറം മറ്റൊരു ഉപാധിക്കും താൻ തയ്യാറല്ലെന്ന നിലപാടിലാണ് ഷിൻഡെ. അതിനിടെ, പുലർച്ചെ ഷിൻഡെയുടെ നേതൃത്വത്തിൽ വിമത എംഎൽഎമാർ ഗുജറാത്തിലെ സൂറത്തിൽനിന്ന് അസമിലെ ഗുവാഹത്തിയിൽ എത്തി. വിമതർ ചൊവ്വാഴ്ച രാത്രി വൈകിയാണ് ഗുവാഹട്ടിയിലേക്ക് വിമാനം കയറിയത്.

ഗുവാഹട്ടി വിമാനത്താവളത്തിലിറങ്ങിയ ഇവരെ കൊണ്ടുപോകുന്നതിനായി പ്രത്യേക ബസുകൾ തയ്യാറായിരുന്നു. ശിവസേനയിലെ 34 ഉം ഏഴ് സ്വതന്ത്രരുമടക്കം 40 എംഎൽഎമാർ ഷിൻഡെയ്‌ക്കൊപ്പം ഗുവാഹട്ടിയിലേക്കെത്തിയിട്ടുണ്ട്. വിമത എംഎൽഎമാർ ഒരുമിച്ച് നിൽക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഗുവഹാട്ടിയിലുള്ള റാഡിസൺ ബ്ലു ഹോട്ടലിലേക്കാണ് ഇവരെ മാറ്റിയത്

ഷിൻഡെ അടക്കമുള്ള വിമത നേതാക്കളുമായി സഞ്ജയ് കുട്ടെ എംഎൽഎ വഴിയാണു ബിജെപി ചർച്ച നടത്തുന്നത്. അതേസമയം ശിവസേന മന്ത്രിമാരും എൻസിപി മന്ത്രിമാരും കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഉൾപ്പെട്ടത് അണികളിൽ വലിയ അതൃപ്തിക്ക് ഇടനൽകിയിരുന്നു. ഹിന്ദുത്വത്തെ നിന്ന് മാറി മതേതര കുപ്പായം അണിഞ്ഞാണ് കുറച്ചു നാളായി ഉദ്ദവിന്റെ യാത്ര. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ശിവസേന മന്ത്രി അനിൽ പരബിനെ ഇഡി കഴിഞ്ഞദിവസം 11 മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യൽ ഇന്നും തുടരും.

കഴിഞ്ഞദിവസത്തെ നിയമ നിർമാണ കൗൺസിൽ തിരഞ്ഞെടുപ്പിൽ ഒരുവിഭാഗം ശിവസേനാ എംഎൽഎമാരുടെ പിന്തുണയോടെ ബിജെപിക്ക് ഒരു സീറ്റിൽ അപ്രതീക്ഷിത വിജയം ലഭിച്ചതിനു പിന്നാലെയാണു വിമതനീക്കം തുടങ്ങിയത്. കോൺഗ്രസും എൻസിപിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയും ഹിന്ദുത്വ അജൻഡയിൽ ഉറച്ച് ബിജെപിയുമായി സഖ്യം പുനഃസ്ഥാപിക്കുകയും ചെയ്താൽ തിരിച്ചെത്താമെന്നാണ് ഷിൻഡെ ഫോണിൽ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ അറിയിച്ചത്. ശിവസേനയുടെ നിയമസഭാ കക്ഷി നേതൃസ്ഥാനത്തുനിന്നു ഷിൻഡെയെ നീക്കിയെങ്കിലും അനുനയശ്രമം തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button