KeralaLatest NewsNews

കേരളം ഭരിക്കുന്നത് കേന്ദ്രസർക്കാർ പദ്ധതികൾ അട്ടിമറിക്കുന്ന സർക്കാർ: കെ സുരേന്ദ്രൻ

കോട്ടയം: കേന്ദ്രസർക്കാർ പദ്ധതികൾ നടപ്പിലാക്കാത്ത സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ആയുഷ്മാൻ ഭാരത് പദ്ധതി ഇതിന് ഉദ്ദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് വിവിധ കേന്ദ്രസർക്കാർ പദ്ധതികളുടെ ഗുണഭോക്തൃ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും വലിയ ഇൻഷൂറൻസ് പദ്ധതി കേരളത്തിലുള്ളവർക്ക് കിട്ടരുതെന്നാണ് ഇവിടുത്തെ സർക്കാർ വിചാരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also: മൂന്നാം ലോക കേരള സഭയ്ക്ക് സമാപനമായി: പ്രതിപക്ഷം വിട്ട് നിന്നതിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

ജൽജീവൻ മിഷനും ആവാസ് യോജന പദ്ധതിയും ഇവിടെ അട്ടിമറിക്കപ്പെടുകയാണ്. മോദി സർക്കാരിന്റെ പദ്ധതികൾ പേരുമാറ്റി അടിച്ചു മാറ്റി വികലമാക്കുന്ന പിണറായി സർക്കാർ മലയാളികളെ വഞ്ചിക്കുകയാണ്. നരേന്ദ്രമോദി സർക്കാരിന്റെ എട്ടാം വാർഷികത്തിൽ കേന്ദ്ര സർക്കാർ പദ്ധതികൾ കേരളത്തിലെ എല്ലാ വീടുകളിലും എത്തിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.

നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വരുമ്പോൾ രാജ്യത്ത് അഴിമതിയുടേയും ഭരണസ്തംഭനത്തിന്റെയും കാലമായിരുന്നു. അവിടെ നിന്നാണ് പ്രതീക്ഷയുടെ പുത്തൻകിരണം രാജ്യത്തിന് ലഭിച്ചത്. അഴിമതിക്കെതിരെ ശക്തമായ നിലപാടെടുത്ത 8 വർഷങ്ങളാണ് പിന്നീട് ഭാരതം കണ്ടത്. പാവങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന സർക്കാരാണ് തന്റേതെന്ന് മോദി പ്രവൃത്തിയിലൂടെ തെളിയിച്ചു. അമ്മമാരുടേയും പെൺകുട്ടികളുടേയും പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ എൻഡിഎ സർക്കാരിന് സാധിച്ചു. വൺ ഇന്ത്യ വൺ റേഷൻ കാർഡ് നടപ്പിലാക്കി വനിതകളെ കാർഡിന്റെ ഗൃഹനാഥയാക്കി. ശൗചാലയങ്ങൾ നിർമ്മിച്ചു. ഉജ്ജ്വൽ യോജനയിലൂടെ അമ്മമാരുടെ കണ്ണീരൊപ്പി. ആദ്യത്തെ പ്രസവത്തിന് 5,000 രൂപ നൽകി. പെൺകുട്ടികളുടെ ചികിത്സ, ഉന്നതപഠനം, വിവാഹം എന്നിവയ്‌ക്കെല്ലാം സർക്കാർ സഹായം നൽകി. പ്രസവാവധി 56 ആഴ്ചയാക്കി വർദ്ധിപ്പിച്ചു. ഒരു രൂപയ്ക്ക് സാനിറ്ററി നാപ്കിൻ നൽകാൻ കേന്ദ്രസർക്കാരിന് കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.

അടിസ്ഥാന വികസനരംഗത്തും രാജ്യത്ത് വലിയ കുതിപ്പാണുണ്ടാവുന്നതെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. ദേശീയപാതാ നിർമ്മാണത്തിൽ ലോകറെക്കോഡാണ് ഇന്ന് ഇന്ത്യയ്ക്കുള്ളത്. വിമാനത്താവളങ്ങളും മെഡിക്കൽ കോളേജുകളും റെയിൽവെ സ്റ്റേഷനുകളും അന്താരാഷ്ട്ര നിലവാരത്തിലെത്തി. അസംഘടിത തൊഴിലാളികൾക്ക് എല്ലാ ആനുകൂല്യങ്ങളും കേന്ദ്ര സർക്കാർ നൽകുന്നു. രാജ്യത്തെ യുവാക്കൾക്ക് സൈന്യത്തിന്റെ ഭാഗമാവാനുള്ള അഗ്നിപഥ് പദ്ധതിയെ കോൺഗ്രസും കമ്മ്യൂണിസ്റ്റും മുസ്ലിം മതമൗലികവാദികളും ചേർന്ന് എതിർക്കുകയാണ്. മോദി എന്ത് ചെയ്താലും അതിനെ എതിർക്കുന്ന പ്രതിപക്ഷമാണ് രാജ്യത്തുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ ജില്ലാ അദ്ധ്യക്ഷൻ ലിജിൻ ലാൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാദ്ധ്യക്ഷൻ ബി.ഗോപാലകൃഷ്ണൻ, മേഖല പ്രസിഡന്റ് എൻ.ഹരി, സംസ്ഥാന സമിതി അംഗം ബി രാധാകൃഷ്ണ മോനോൻ, ന്യൂനപക്ഷമോർച്ച ദേശീയ സെക്രട്ടറി നോബിൾ മാത്യു തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

Read Also: ഭിന്നശേഷിയുള്ള കുട്ടികൾക്ക് ‘സിക്ക് റൂം’ ഉറപ്പാക്കണം: ഭിന്നശേഷി കമ്മീഷൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button