ഇന്ത്യയിലും വിപുലമായ ആസ്‌ട്രോ-ടൂറിസം സാധ്യതകള്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി, ഇന്ത്യയുടെ ആദ്യത്തെ ഡാര്‍ക്ക് സ്‌കൈ റിസര്‍വ് ലഡാക്കില്‍ വരുന്നു. ലഡാക്കിലെ ഹാന്‍ലെ ഗ്രാമത്തില്‍ ഡാര്‍ക്ക് സ്‌കൈ റിസര്‍വ് രൂപീകരിക്കുന്നതിനായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സ്, ലഡാക്ക് യൂണിയന്‍ ടെറിട്ടറി അഡ്മിനിസ്‌ട്രേഷന്‍, ലഡാക്ക് ഓട്ടോണമസ് ഹില്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ എന്നിവ തമ്മില്‍ ഒരു ത്രികക്ഷി കരാര്‍ ഒപ്പിട്ടു. വളരെ മനോഹരവും ശാന്തവുമായ ചാങ്താങ് കോള്‍ഡ് ഡെസേര്‍ട്ട് വൈല്‍ഡ്‌ലൈഫ് സാങ്ച്വറിയുടെ കീഴിലുള്ള പ്രദേശത്തായിരിക്കും ഡാര്‍ക്ക് സ്‌കൈ റിസര്‍വ് വരുക.
ലോകത്ത് വിനോദസഞ്ചാരത്തിന് മേഖലകളിലേക്ക് ശാസ്ത്രം സംഭാവന നല്‍കുന്നത് ഇതാദ്യമല്ല. ഇന്ത്യയിലും ജ്യോതിശാസ്ത്ര-ടൂറിസമെന്നത് ആദ്യമല്ലെങ്കിലും, ഡാര്‍ക്ക് സ്‌കൈ റിസര്‍വ് എന്ന ആശയം തീര്‍ച്ചയായും രാജ്യത്ത് ആദ്യമാണ്. ശാസ്ത്രത്തിലൂടെ പ്രാദേശിക വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ആശയത്തിന് പിന്നിലുള്ളത്. ഇതിലൂടെ ജ്യോതിശാസ്ത്ര നിരീക്ഷണങ്ങളെക്കുറിച്ച് സാധാരണക്കാര്‍ക്കും ധാരാളം കാര്യങ്ങള്‍ പഠിക്കാന്‍ അവസരം ലഭിക്കും.
ഭൂപ്രകൃതിയും പ്രകൃതിദത്തമായ പാരിസ്ഥിതിക സാഹചര്യങ്ങളും കാരണം ഹാന്‍ലെ ഗ്രാമം തീര്‍ച്ചയായും ഈ പദ്ധതിക്ക് നല്ലൊരു തിരഞ്ഞെടുപ്പാണ്. വര്‍ഷത്തിലെ മിക്ക മാസങ്ങളും ഹാന്‍ലെയിലെ ആകാശം മേഘങ്ങള്‍ മൂടാത്ത രാത്രികള്‍ ആസ്വദിക്കാന്‍ സാധിക്കും. അതുക്കൊണ്ട് തന്നെ, ഇത് പ്രദേശത്തെ നക്ഷത്രനിരീക്ഷണത്തിനുള്ള ഒരു മികച്ച സ്ഥലമാക്കി മാറ്റുന്നു. ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സ് നടത്തുന്ന ഇന്ത്യന്‍ അസ്‌ട്രോണമിക്കല്‍ ഒബ്‌സര്‍വേറ്ററിയുടെ ആസ്ഥാനവും ഹാന്‍ലെയാണ് സ്ഥിതി ചെയ്യുന്നത്.
Post Your Comments