
കോഴിക്കോട്: തന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെവന്ന കമന്റിന് മറുപടി നല്‍കി സംവിധായികയും ലക്ഷദ്വീപ് സമരത്തിന്റെ മുഖവുമായി ഐഷ സുല്‍ത്താന. ‘വിഷമങ്ങള്‍ നേരിടുമ്പോള്‍ ക്ഷമയാണ് ധീരത. നിരാശയുടെ ഇരുള്‍മുറിയില്‍ തളര്‍ന്നിരിക്കാതെ പ്രതീക്ഷയുടെ വെളിച്ചത്തിലേക്ക് മനസിനെ ജയിക്കുക- ശ്രീ ബുദ്ധന്‍,’ എന്ന ക്യാപ്ഷനില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ഐഷയുടെ പോസ്റ്റിന് താഴെ പരിഹാസ കമന്റിട്ടയാൾക്കാണ് താരം മറുപടി നൽകിയത്.
‘പഴയ പോലേ കള്ളക്കടത്തൊന്നും നടത്താന്‍ പറ്റുന്നില്ല, അയിനാണ് ഈ ബെസമം അല്ലേ ഇറ്റ, ഇജ്ജ് നടത്തു പുള്ളേ അന്റെ ബെസമം മാറട്ടേ,’ എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. ഇതിനായിരുന്നു ഐഷ മറുപടി നല്‍കിയത്.
‘എന്തിനും ഏതിനും ശരണം വിളി ബുള്‍ഡോസറിനെയാണെന്ന് പറഞ്ഞ് കേള്‍ക്കുന്നല്ലോ ശരിയാണോ സഹോദരാ… അദാനി പോര്‍ട്ടില്‍ നിന്നും പിടിച്ച മയക്കുമരുന്നുകള്‍ ബുള്‍ഡോസര്‍ കയറ്റിയിറക്കി നിരത്തിക്കളഞ്ഞല്ലേ, സ്വാഭാവികം,’ എന്നായിരുന്നു ഐഷ സുല്‍ത്താനയുടെ മറുപടി.
ലക്ഷദ്വീപിലെ ജനങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി സോഷ്യല്‍ മീഡിയ വഴി ഇടപെടൽ നടത്തി വിവാദമായ ആളാണ് ഐഷ സുൽത്താന. ഐഷ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസ് നിലനിൽക്കുന്നുണ്ട്. രാജ്യദ്രോഹക്കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി കഴിഞ്ഞ ജൂണ്‍ എട്ടിന് സ്റ്റേ ചെയ്തിരുന്നു. രാജ്യദ്രോഹക്കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ ഇടപെടലിനെ തുടര്‍ന്നായിരുന്നു ഇടക്കാല ഉത്തരവ്. ലക്ഷദ്വീപ് വിഷയത്തില്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെ ‘ബയോ വെപ്പണ്‍’ പരാമര്‍ശം നടത്തിയതിന്റെ പേരിലാണ് ഐഷയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.
Post Your Comments