കൊച്ചി: അഗ്നിപഥ് വിഷയത്തിൽ പ്രതികരണവുമായി മേജർ രവി. കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് പദ്ധതി നടപ്പാക്കുന്നതിൽ ആശങ്കയുണ്ടെന്ന് മേജർ രവി മാധ്യമങ്ങളോട് പറഞ്ഞു. സൈന്യത്തിലെ ഉന്നതരുമായി കൂടിയാലോചന നടത്താതെ പ്രഖ്യാപിച്ച പദ്ധതിയാണിതെന്നും രാജ്യത്തിന്റെ സുരക്ഷയ്ക്ക് പദ്ധതി അപകടമുണ്ടാക്കുമെന്നും മേജർ രവി പറഞ്ഞു.
എന്നാൽ, എതിർപ്പിന്റെ പേരിൽ നടക്കുന്ന കലാപ ശ്രമങ്ങളെ അംഗീകരിക്കാൻ പറ്റില്ലെന്നും ബിഹാറിൽ നടക്കുന്ന സംഘർഷത്തിന് പിന്നിൽ അവിടത്തെ പ്രി റിക്രൂട്ട്മെന്റ് ഏജൻസികളുടെ മാഫിയയാണെന്നും മേജർ രവി പറഞ്ഞു.
‘പ്രധാനമന്ത്രിയെ പിന്തുണയ്ക്കുന്നയാളാണെങ്കിലും അഗ്നിപഥിൽ അദ്ദേഹത്തിന് പിഴവ് പറ്റിയെന്നാണ് കരുതുന്നത്. ഇതിനകത്ത് ഗൗരവമായ ചർച്ച നടത്തേണ്ടത് വിരമിച്ച ആർമി ചീഫുകളും വൈസ് ചീഫുകളുമാണ്. ഇവരൊക്കെ പ്ലാനിംഗിൽ അഗ്ര ഗണ്യരാണ്. അവർ പ്രധാനമന്ത്രിയെ പറഞ്ഞ് മനസ്സിലാക്കണം. അല്ലാതെ സെക്രട്ടറിക്കും പട്ടാളത്തിനെക്കുറിച്ച് ഒന്നും അറിയില്ല. ഇവരിലെത്ര പേർ സിയാച്ചിനിലോ ഗൽവാൻ മേഖലയിലോ പോയിട്ടുണ്ട്. കുറഞ്ഞത് പ്രധാനമന്ത്രി എല്ലാ ദീപാവലിക്കും അവിടെ പോവുന്നതാ. എന്നിട്ടും അദ്ദേഹത്തിനിത് മനസ്സിലായില്ലേ. ഇവിടെ ഒരു പേപ്പറു കൊണ്ടങ്ങ് സമർപ്പിച്ച് ഗുണകരമാണെന്ന് പറഞ്ഞാൽ ഗുണമല്ല ഇതിൽ ദേശീയ സുരക്ഷ ഉൾപ്പെട്ടിട്ടുണ്ടെന്ന് തുറന്ന് പറയാൻ ചങ്കൂറ്റമുള്ള സ്റ്റാഫുകൾ കൂടെ വേണം’- മേജർ രവി പറഞ്ഞു.
‘മോദിജിയെ വലിയ തോതിൽ പിന്തുണയ്ക്കുന്നയാളാണ്. പക്ഷെ ഇവിടെ എവിടെയൊക്കെയോ പിഴവ് പറ്റിയിട്ടുണ്ട്. അത് നമ്മളിലാരെങ്കിലും തുറന്ന് പറഞ്ഞില്ലെങ്കിൽ എങ്ങനെയാണ്. ട്രെയ്നടക്കം കത്തുന്ന സമയത്ത് നമുക്ക് ചങ്കിടിപ്പാണ്. നമ്മൾ നികുതി കൊടുക്കുന്ന പൊതുമുതൽ നശിപ്പിക്കുന്നത് ഒരിക്കലും വെച്ചു പൊറുപ്പിക്കാൻ പറ്റില്ല’- മേജർ രവി പറഞ്ഞു.
Post Your Comments