ഹൈദരാബാദ്: അഗ്നിപഥ് പദ്ധതിക്കെതിരെ നടക്കുന്ന രാജ്യവ്യാപക പ്രതിഷേധം തുടരുകയാണ്. തെലങ്കാനയിലെ സെക്കന്ദരാബാദിൽ അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം അക്രമാസക്തമായിരുന്നു. സെക്കന്ദരാബാദിൽ ട്രെയിനുകൾക്ക് നേരെ ആക്രമണം നടത്തിയ പ്രതിഷേധക്കാർക്ക് നേരെ റെയിൽവേ പൊലീസ് വെടിയുതിർത്തു. വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരുക്കേറ്റു. സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും പരുക്കേറ്റു.
തുടക്കത്തിൽ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ലാത്തിച്ചാർജ് നടത്തിയെങ്കിലും ആളുകൾ പ്രതിഷേധം തുടർന്നു. സെക്കന്ദരാബാദ് റെയിൽവേ സ്റ്റേഷനിലെ ആദ്യ മൂന്ന് പ്ലാറ്റ്ഫോമുകൾ പ്രതിഷേധക്കാർ കയ്യേറുകയും ട്രെയിൻ ബോഗികൾ അഗ്നിക്കിരയാക്കുകയും ചെയ്തു. തുടർന്ന്, വെടിവെക്കുമെന്ന് മുന്നറിയിപ്പ് നൽകിയ പൊലീസ് വീണ്ടും കല്ലെറിഞ്ഞ ആളുകൾക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. വെടിവെപ്പിൽ ഗുരുതര പരുക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം, ബീഹാറിൽ അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം അക്രമാസക്തമായി. രണ്ട് ട്രെയിനുകൾക്ക് സമരാനുകൂലികൾ തീയിട്ടു. ന്യൂഡൽഹി-ഭഗൽപൂർ വിക്രംശില എക്സ്പ്രസിനും ന്യൂഡൽഹി-ദർഭംഗ ബീഹാർ സമ്പർക്ക് ക്രാന്തി എക്സ്പ്രസുമാണ് പ്രതിഷേധക്കാർ അഗ്നിക്കിരയാക്കിയത്. ലഖിസരായ്, സമസ്തിപൂർ റെയിൽവേ സ്റ്റേഷനുകളിൽ വച്ചായിരുന്നു സംഭവം.
പ്രതിഷേധക്കാർ സംസ്ഥാനത്തെ ഹൈവേകൾ തടയുകയും ചെയ്തു അഗ്നിപഥിനെതിരെ സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസമാണ് പ്രതിഷേധം നടക്കുന്നത്. ബുക്സറിനും കഹൽഗോണിനും ഇടയിലെ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. വിക്രമശില എക്സ്പ്രസിൻ്റെ 12 ബോഗികളും സമ്പർക്ക് ക്രാന്തി എക്സ്പ്രസിൻ്റെ 8 ബോഗികളുമാണ് അഗ്നിക്കിരയായത്. 20 ട്രെയിനുകൾ നിർത്തലാക്കി.
Post Your Comments