ബംഗളൂരു: വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ശേഷം സ്ത്രീയുടെ സ്വത്ത് കൈവശം വെക്കാന്‍ ഭര്‍ത്താവിന് അവകാശമില്ലെന്ന് കോടതി ഉത്തരവ്. കര്‍ണാടക ഹൈക്കോടതിയുടേതാണ് നിര്‍ണായക ഉത്തരവ്. തന്റെ മുന്‍ ഭാര്യ നല്‍കിയ ക്രിമിനല്‍ കേസ് തള്ളണമെന്നാവശ്യപ്പെട്ട്, മുംബൈ സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. ക്രിമിനല്‍ കേസ് നടപടികള്‍ റദ്ദാക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
1998ല്‍ വിവാഹത്തിന് സ്ത്രീധനമായി ഒമ്പത് ലക്ഷം രൂപ നല്‍കിയിരുന്നുവെന്നും ഇത് ഒമ്പത് ശതമാനം പലിശ സഹിതം തിരികെ ലഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് യുവതി പരാതി നല്‍കിയിരുന്നത്. 2009ലാണ് ഈ വിഷയത്തില്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനും എതിരെ പരാതി നല്‍കിയത്. ഈ വാദം അംഗീകരിച്ച് വിചാരണക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതിനെതിരെ, 2018ല്‍ യുവതിയുടെ മുന്‍ ഭര്‍ത്താവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തങ്ങളുടെ വിവാഹമോചനം ബോംബെ ഹൈക്കോടതി അംഗീകരിച്ചിട്ടുണ്ടെന്നും ജീവനാംശമായി 4 ലക്ഷം രൂപ നല്‍കിയിട്ടുണ്ടെന്നും ഇയാള്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍, തന്റെ ഭര്‍ത്താവ് നല്‍കിയ 4 ലക്ഷം രൂപ ജീവനാംശം മാത്രമാണെന്നും സ്ത്രീധനമായി നല്‍കിയ ഒമ്പത് ലക്ഷം തുക ലഭിച്ചിട്ടില്ലെന്നും യുവതി കോടതിയില്‍ പറഞ്ഞു. യുവതിക്ക് നല്‍കിയ ജീവനാംശം വേറെയും ഒമ്പത് ലക്ഷം രൂപ വേറെയുമാണെന്ന് ഹൈക്കോടതി ജസ്റ്റിസ് നാഗപ്രസന്ന നിരീക്ഷിച്ചു. വിവാഹമോചിതരായാല്‍ ഭാര്യയുടെ സ്വത്തുക്കള്‍ ഭര്‍ത്താവിന്റെ കുടുംബത്തിന് കൈവശം വയ്ക്കാന്‍ അവകാശമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Post Your Comments