ന്യൂഡൽഹി: സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരായ ഇഡി നടപടിയിൽ രാജ്യവ്യാപക പ്രതിഷേധവുമായി കോൺഗ്രസ്. പിസിസികളുടെ നേത്യത്വത്തിൽ ഇന്ന് രാജ്ഭവനുകൾ ഉപരോധിക്കും. ഡൽഹിയിലുള്ള എംപിമാരോട് മടങ്ങി പോകരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. നാളെ രാഹുൽ ഗാന്ധിയോട് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടതിനാൽ തുടർ സമര പരിപാടികൾ സംബന്ധിച്ച കൂടിയാലോചനകളും ഇന്ന് നടക്കും.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മുപ്പതിലേറെ മണിക്കൂർ ആണ് രാഹുലിനെ ഇഡി ചോദ്യം ചെയ്തത്. നൂറോളം ചോദ്യങ്ങൾ ചോദിച്ചതായാണ് വിവരം. ചോദ്യം ചെയ്യലുമായി രാഹുൽ സഹകരിക്കുന്നില്ല എന്നും മറുപടികൾ തൃപ്തികരമല്ല എന്നുമാണ് ഇ.ഡി വൃത്തങ്ങൾ പറയുന്നത്. അതേസമയം എഐസിസി ആസ്ഥാനത്തേക്ക് ഡൽഹി പൊലീസ് കടന്നതിനെതിരെ തുഗ്ലക് റോഡ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
നാഷണൽ ഹെറൾഡ് കേസിൽ ഗാന്ധി കുടുംബത്തിനെതിരായ നടപടിക്കെതിരെ സംസ്ഥാനത്തും പ്രതിഷേധം ശക്തമാക്കാൻ കെപിസിസി തീരുമാനിച്ചിട്ടുണ്ട്. എഐസിസി ആഹ്വാനപ്രകാരം ഇന്ന് രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.
Post Your Comments