കൊച്ചി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ഇ.ഡി മണിക്കൂറുകളോളം ചോദ്യം ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് മനോരമ നടത്തിയ ചാനൽ ചർച്ചയിൽ കോൺഗ്രസിനെ കുടഞ്ഞ് മുൻ കോൺഗ്രസ് നേതാവായ ടോം വടക്കൻ. ‘തീരാചോദ്യങ്ങള്‍; തീരാപ്രതിഷേധം; രാഹുലിനോട് രാഷ്ട്രീയപ്പകയോ?’ എന്ന വിഷയവുമായി ബന്ധപ്പെട്ട് നടന്ന കൗണ്ടർ പോയന്റിൽ കോൺഗ്രസിനു വേണ്ടി എം ലിജുവും ബി.ജെ.പിക്ക് വേണ്ടി ടോം വടക്കനുമായിരുന്നു പങ്കെടുത്തത്. സുപ്രീം കോടതി അഭിഭാഷകൻ പ്രശാന്ത് പത്മനാഭൻ, സി.പി.എം നേതാവ് ഷിജു ഖാൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
കഴിഞ്ഞ മൂന്ന് ദിവസമായി ഡൽഹിയിൽ നടക്കുന്നത് എന്താണ്? കോൺഗ്രസ് നേതാക്കൾ ആവർത്തിച്ച് ചോദിക്കുന്ന കാര്യണിത്. ഏതൊരു കേസിലും സംഭവിക്കുന്ന ചോദ്യം ചെയ്യൽ അതിന്റേതായ രീതിയിൽ നടക്കവേ, കോൺഗ്രസ് എന്തിനാണ് പരിഭ്രമിക്കുന്നതെന്ന ചോദ്യമാണ് ടോം വടക്കൻ ഉയർത്തുന്നത്. രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിൽ എന്തിനാണ് പരിഭ്രമമെന്ന് ടോം വടക്കൻ പരിഹസിക്കുന്നു. എന്തിനെയാണ് പേടിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
ചോദ്യം ചെയ്യലിൽ പേടിയില്ലെങ്കിൽ എന്തിനാണ് ഈ കാട്ടിക്കൂട്ടലുകൾ, പ്രതിഷേധങ്ങൾ, പ്രഹസനങ്ങൾ എന്നാണ് ബി.ജെ.പി ചോദിക്കുന്നത്. ഈ ചോദ്യങ്ങളെ ലിജു ശക്തമായി പ്രതിരോധിക്കുന്നുണ്ട്. സോണിയ ഗാന്ധിക്കും രാഹുലിനുമെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് രാജ്യത്തിന് തന്നെ അറിയാമെന്നാണ് ലിജുവിന്റെ വാദം. ആരോഗ്യപരമായ അസുഖങ്ങൾ ഉണ്ടായിട്ടും ഇ.ഡിയുടെ ഓഫീസിലേക്ക് നേരിട്ട് വരാമെന്ന് സോണിയ ഗാന്ധി പറഞ്ഞത് അവരുടെ സത്യസന്ധതയെ സൂചിപ്പിക്കുന്നുവെന്നാണ് ലിജുവിന്റെ നിരീക്ഷണം. രാഷ്ട്രീയ വൈരാഗ്യമാണ് ഇ.ഡിയുടെ ചോദ്യം ചെയ്യലിന് പിന്നിലെന്നാണ് ലിജു ആരോപിച്ചത്.
കോൺഗ്രസ് രാഷ്ട്രീയമായി വേട്ടയാടപ്പെടുന്നുവെന്ന വാദമാണ് ചർച്ചയിലുടനീളം ലിജു ഉയർത്തിപ്പിടിച്ചത്. ഇതിനിടെ, ടോം വടക്കന്റെ ‘ചതിയൻ’ എന്ന വാക്ക് ലിജുവിനെ പ്രകോപിപ്പിച്ചു. കോൺഗ്രസിനെ ഉന്നം വെച്ചുകൊണ്ടായിരുന്നു വടക്കൻ ‘ചതിയൻ’ എന്ന പദപ്രയോഗം ഉയർത്തിയത്. സ്വാതന്ത്ര്യ സമര സേനാനികളെ കോൺഗ്രസ് പാർട്ടി ചതിക്കുന്നു എന്ന രീതിയിലായിരുന്നു വടക്കന്റെ പരാമർശം. ഇതിനെതിരെയാണ് ലിജു രംഗത്ത് വന്നത്. വ്യക്തിപരമായ ആക്ഷേപങ്ങൾക്ക് താൽപ്പര്യമില്ലെന്ന് പറഞ്ഞ ലിജു, ടോം വടക്കനോട് ‘ചതിയൻ’ എന്ന വാക്ക് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, ഇതിന് വടക്കൻ തയ്യാറായില്ല.
ചർച്ചയിൽ ലിജു പറഞ്ഞത്
‘നാഷണൽ ഹെറാൾഡിനെ ഓൺ ചെയ്ത പബ്ലിക്ക് ലിമിറ്റഡ് കമ്പനി 90 കോടി രൂപയിൽ നഷ്ടത്തിലായി. തിരിച്ചടയ്ക്കാൻ മാർഗ്ഗമില്ലായിരുന്നു. ഈ 90 കോടി കൊടുത്തത് കോൺഗ്രസ് ആയിരുന്നു. കോൺഗ്രസിന്റെ പ്രസ്ഥാനമായതിനാൽ ആണ്. 90 കോടി കോൺഗ്രസ് അവർക്ക് വായ്‌പ ആയി കൊടുത്തു. പ്രവർത്തിക്കാൻ പറ്റാത്ത അവസ്ഥയിൽ കടത്തെ ഷെയർ ആക്കി മാറ്റി. നോൺ പ്രോഫിറ്റ് കമ്പനി കോൺഗ്രസ് രൂപീകരിച്ചു. ഈ കമ്പനിക്ക് 8 കോടി നൽകി. യങ് ഇന്ത്യ ആ കമ്പനിയുടെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. ഈ പ്രസ്ഥാനം വിറ്റുപോകാനോ, ലേലത്തിൽ പോകാനോ ഞങ്ങൾ ആഗ്രഹിച്ചില്ല. സംരക്ഷിക്കാൻ തീരുമാനിച്ചു’.
ടോം വടക്കൻ മുന്നോട്ടുവെച്ച വാദമിങ്ങനെ
‘ഡൽഹി ഹൈക്കോടതിയുടെ റഫറൻസിലാണ് ഇ.ഡി എഫ്.ഐ.ആർ എടുത്തിരിക്കുന്നത്. അതിന്റെ ബേസിസിലാണ് കേസ് അന്വേഷണം നടക്കുന്നത്. ഷെയർ ഹോൾഡേഴ്‌സിന്റെ മീറ്റിംഗ് നടന്നില്ല. ആകെ നടന്നത് ഒരു മീറ്റിംഗ് ആണ്. രാഹുൽ ഗാന്ധിയെ ഡയറക്ടർ ആയി നിയമിച്ചുകൊണ്ടുള്ള മീറ്റിംഗ് ആയിരുന്നു അത്. ഷെയർ ഹോൾഡേഴ്‌സിനെ ഒന്നും വിളിച്ചിരുന്നില്ല. അതാണ് സത്യാവസ്ഥ’.
ടോം വടക്കനും ലിജുവും തമ്മിലുള്ള തർക്കമായിരുന്നു പിന്നീട് നടന്നത്. വടക്കനോട് മിണ്ടാതിരിക്കാൻ ലിജു പലതവണ പറഞ്ഞു. ‘ഈ മാന്യദേഹത്തോട് ഒന്ന് സംസാരിക്കാതിരിക്കാൻ പറയണം’ എന്നായിരുന്നു ലിജു അവതാരകയോട് ആവശ്യപ്പെട്ടത്. ‘ഞാൻ സംസാരിക്കുമെന്ന്’ വടക്കൻ മറുപടി നൽകി. ശേഷം തമ്മിൽ പൊരിഞ്ഞ അടിയായിരുന്നു.
ലിജുവിന്റെ വിശദീകരണത്തിനൊടുവിൽ ടോം വടക്കൻ ചോദിച്ച ഒരു ചോദ്യം ഇങ്ങനെയായിരുന്നു, ‘രാഹുൽ ഗാന്ധിയുടെ ഇൻകം ടാക്സ് റിട്ടേണിൽ എന്തുകൊണ്ട് ഇതൊന്നും സൂചിപ്പിക്കുന്നില്ല’?.
രാഹുൽ ഗാന്ധിക്ക് ഒരു രൂപ പോലും വരുമാനമില്ലാത്ത, ഇങ്ങോട്ട് വരുമാനം ലഭിക്കാത്ത ഒരു നോൺ പ്രോഫിറ്റ് കമ്പനിയുടെ ഡയറക്ടർ ആയിട്ട് ഇരിക്കുന്ന കാര്യം ഇൻകം ടാക്സ് റിട്ടേൺസിൽ എന്തിന് കാണിക്കണമെന്നും ലിജു ചോദിച്ചു.
‘പ്രതിപക്ഷ പാർട്ടി ആയാൽ സ്വർണ കടത്താമെന്നും, എന്ത് തോന്നിവാസവും ചെയ്യാമെന്നും ആണോ? അവർക്ക് എന്തും ആകാം. എന്ത് ചെയ്താലും പ്രതിപക്ഷമായതിനാൽ രാഷ്ട്രീയ പകപോക്കൽ ആണെന്ന് അങ്ങ് പറഞ്ഞാൽ മതിയല്ലോ. യങ് ഇന്ത്യ പിരിച്ച് വിട്ടാൽ അതിന്റെ 2000 കോടി ലഭിക്കുക സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ആണ്. അല്ലാതെ, കോൺഗ്രസിനല്ല’, ടോം വടക്കൻ പറഞ്ഞു.
അതേസമയം, നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിക്കെതിരെയായ കുരുക്ക് മുറക്കുകയാണ് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. രാഹുൽ ഗാന്ധിയെ ഇ.ഡി നാളെ വീണ്ടും ചോദ്യം ചെയ്യും. ഇന്നൊരു ദിവസത്തേക്ക് ഇടവേള നൽകിയിരിക്കുകയാണ്. യങ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡിലെ ഓഹരി പങ്കാളിത്തം, അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് ഉൾപ്പെട്ട പ്രത്യേക സാമ്പത്തിക ഇടപാടുകൾ എന്നിവ സംബന്ധിച്ച രേഖകൾ ഇ.ഡി കഴിഞ്ഞ ദിവസം രാഹുലിനെ കാണിച്ചിരുന്നു.
Post Your Comments