Latest NewsKeralaNews

ലൈഫ് കരട് പട്ടിക: ആദ്യഘട്ട അപ്പീൽ ജൂൺ 17 വരെ

തിരുവനന്തപുരം: ലൈഫ് കരട് ഗുണഭോക്തൃ പട്ടികയിൽ ആക്ഷേപമുള്ളവർ ജൂൺ 17 നുള്ളിൽ ഓൺലൈനായി അറിയിക്കണമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ജൂൺ 10ന് പ്രസിദ്ധീകരിച്ച പട്ടികയിൽ ജൂൺ 14 ന് ഉച്ചയ്ക്ക് 2 മണി വരെ 11,196 അപ്പീലുകളാണ് ലഭിച്ചത്. ഭൂമിയുള്ള ഭവനരഹിതരുടെ 9533 അപ്പീലുകളും ഭൂമിയില്ലാത്ത ഭവനരഹിതരുടെ 1663 അപ്പീലുകളുമാണ് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

Read Also: ‘ഞാനും മുഖ്യമന്ത്രിയും ഭാര്യയും മകനും മകളും ക്ലിഫ് ഹൗസിൽ ഇരുന്ന് ചർച്ച ചെയ്ത് പല കാര്യങ്ങളും തീരുമാനിച്ചിട്ടുണ്ട്’

www.life2020.kerala.gov.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്താണ് അപ്പീൽ നൽകേണ്ടത്. അർഹരായവർ ഉൾപ്പെട്ടില്ലെങ്കിലോ, ശരിയായ മുൻഗണന ലഭിച്ചില്ലെങ്കിലോ അപ്പീൽ നൽകാം. അനർഹർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവരെ ഒഴിവാക്കാൻ ആക്ഷേപം അറിയിക്കാനും അവസരമുണ്ട്. അവരവരുടെ ലോഗിൻ വഴിയോ അപ്പീൽ കേന്ദ്രങ്ങളിലെ ഹെൽപ്പ് ഡസ്‌ക് വഴിയോ അപ്പീൽ/ ആക്ഷേപം നൽകാം. പഞ്ചായത്തുകളിലെ അപേക്ഷകർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും, നഗരസഭകളിലേത് നഗരസഭാ സെക്രട്ടറിക്കുമാണ് ഓൺലൈനിൽ അപ്പീൽ നൽകേണ്ടത്. ഏതെങ്കിലും ഉദ്യോഗസ്ഥർക്ക് അപ്പീലുകൾ മാറിവന്നിട്ടുണ്ടെങ്കിൽ, അവ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൃത്യമായി കൈമാറണമെന്നും മന്ത്രി നിർദേശിച്ചു.

അർഹതാ മാനദണ്ഡങ്ങൾ ഉണ്ടായിട്ടും, അനർഹരുടെ പട്ടികയിലാണ് ഉൾപ്പെട്ടിട്ടുള്ളതെങ്കിൽ ആവശ്യമായ രേഖകൾ സഹിതം ഒന്നാം അപ്പീൽ നൽകാം. മുൻഗണനാക്രമം നിശ്ചയിച്ചിട്ടുള്ളത് ഒമ്പത് ക്ലേശ ഘടകങ്ങൾ പരിഗണിച്ചാണ്. ഗുണഭോക്താവിന്റെ ക്ലേശ ഘടകങ്ങൾ പരിഗണിച്ചിട്ടില്ല എന്ന് തോന്നുന്നുണ്ടെങ്കിലും രേഖകൾ സഹിതം അപ്പീൽ നൽകണം. ഒരേ മുൻഗണന ഉള്ളവരെ പ്രായത്തിന്റെ ക്രമത്തിലാണ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ലൈഫ് വീടുകൾ അനുവദിക്കുന്നത് മുൻ ഗണനാ ക്രമത്തിലാണ്. നിലവിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന മുൻഗണനാ പട്ടികയിൽ വസ്തുതകളുടെ അടിസ്ഥാനത്തിൽ മാത്രമേ, തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിനും ഗ്രാമസഭകൾക്കും മാറ്റം വരുത്താനാവൂ. അതിനാൽ മുൻഗണനാ ക്രമത്തിൽ അപാകത ഉണ്ടെങ്കിൽ ഗുണഭോക്താക്കൾ അപ്പീൽ നൽകേണ്ടത് അനിവാര്യമാണ്. ഭൂരഹിതരായവർ ഭൂമി ഉള്ളവരുടെ പട്ടികയിലേക്കോ തിരിച്ചോ മാറുന്നതിനും അപ്പീൽ നൽകാൻ അവസരമുണ്ട്. വാർഡ്, തദ്ദേശ സ്വയം ഭരണ സ്ഥാപനം എന്നിവ മാറാനും അപ്പീൽ നൽകാമെന്ന് അദ്ദേഹം പറഞ്ഞു.

ഏറ്റവും അർഹരായവർക്ക് തന്നെ ആനുകൂല്യം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ അപ്പീൽ/ ആക്ഷേപം നൽകാനുള്ള അവസരം കൃത്യമായി വിനിയോഗിക്കണമെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ നിർദേശിച്ചു. ആദ്യഘട്ട പരിശോധനയ്ക്ക് ശേഷമുള്ള പട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും. കളക്ടർ അധ്യക്ഷനായ കമ്മിറ്റിക്ക് മുൻപിൽ ജൂലൈ 8 വരെ രണ്ടാം ഘട്ടം അപ്പീൽ ഓൺലൈനിൽ നൽകാനും അവസരമുണ്ടാകും. ഓഗസ്റ്റ് 16 നാണ് അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നതെന്നും എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.

Read Also: ഭാര്യമാരില്‍ നിന്ന് തങ്ങള്‍ നേരിടുന്ന അനീതികള്‍ക്കെതിരെ പോരാട്ടവുമായി ഒരുകൂട്ടം ഭര്‍ത്താക്കന്‍മാര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button