ഇടുക്കി: ജില്ലാ ആസ്ഥാന നവീകരണത്തിന്റെ ഭാഗമായി സാംസ്‌കാരിക മ്യൂസിയ നിര്‍മ്മാണത്തിന്റെ പ്രാരംഭ നടപടികള്‍ക്കായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍മ്മാണ സ്ഥലം സന്ദര്‍ശിച്ചു. 60 കോടി രൂപ ചെലവിട്ടു നടപ്പിലാക്കാന്‍ പോകുന്ന പദ്ധതിയില്‍ 50 കോടി രൂപയാണ് സാംസ്‌കാരിക മ്യൂസിയത്തിനായി ചെലവിടുന്നത്. സാംസ്‌കാരിക മ്യൂസിയത്തിനു പുറമെ വിശാലമായ പാര്‍ക്കിംഗ് സൗകര്യത്തോടെ 10 കോടി രൂപ ചെലവ് വരുന്ന തിയേറ്റര്‍ സമുച്ചയവും ബഡ്ജറ്റില്‍ അനുവദിക്കപ്പെട്ടിട്ടുള്ള ജല മ്യൂസിയവുമാണ് പദ്ധതിയില്‍ നിര്‍മ്മിക്കുന്നത്.
ആലിന്‍ ചുവട് മുതല്‍ ഇടുക്കി പാര്‍ക്ക് വരെയുള്ള 25 ഏക്കര്‍ സ്ഥലമാണ് ഇതിനായി കണ്ടെത്തിയിരിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 8 ഏക്കര്‍ സ്ഥലമാണ് സാംസ്‌കാരിക മ്യൂസിയത്തിനായി ഏറ്റെടുക്കുന്നത്. ഇതിനോട് തന്നെ ചേര്‍ന്ന് വരുന്ന 17 ഏക്കര്‍ സ്ഥലം ജല മ്യൂസിയത്തിന്റെ നിര്‍മ്മാണത്തിനായും ഏറ്റെടുക്കും.
ജില്ലാ ആസ്ഥാനം സൗന്ദര്യ വല്‍ക്കരിക്കുന്നതിന്റെ ഭാഗമായി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ തലത്തില്‍ നടപ്പിലാക്കി വരുന്നത്. ഇടുക്കിയെ ടൗണ്‍ഷിപ്പാക്കി മാറ്റുന്ന സര്‍ക്കാരിന്റെ വന്‍ പദ്ധതികള്‍ ജില്ലയിലെ ടൂറിസം മേഖലക്ക് ഉണര്‍വേകുന്നതാണ്. അതുവഴി ജില്ലക്ക് മികച്ച വരുമാനം നേടാനാകുമെന്ന പ്രതീക്ഷയിലാണ് ജില്ലാ ഭരണകൂടം.
മന്ത്രിക്കൊപ്പം ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, ജില്ലാ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ സി.വി വര്‍ഗീസ്, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും നിര്‍മ്മാണ സ്ഥലം സന്ദര്‍ശിച്ചു.
Post Your Comments