Latest NewsKeralaNews

‘നിയമസഭ തല്ലിപ്പൊളിച്ച ക്രിമിനലാണ് മുദ്രാവാക്യം വിളിച്ച അധ്യാപകനെതിരെ നടപടിയെടുക്കുന്നത്’: ശിവൻകുട്ടിക്കെതിരെ ബൽറാം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നേരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവായ അധ്യാപകനെതിരെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. മന്ത്രിയുടെ ഈ നടപടിക്കെതിരെ പരിഹാസവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തുണ്ട്. നിയമസഭ തല്ലിപ്പൊളിച്ച ക്രിമിനലാണ് മുദ്രാവാക്യം വിളിച്ച അധ്യാപകനെതിരെ നടപടിയെടുക്കാൻ വരുന്നതെന്ന് വി.ടി ബലറാം പരിഹസിച്ചു. നമുക്ക് കാണാം എന്നൊരു വെല്ലുവിളിയും ബലറാം നടത്തുന്നുണ്ട്.

മുട്ടന്നൂര്‍ എയിഡഡ് യു.പി സ്‌കൂള്‍ അധ്യാപകനായ ഫര്‍സീന്‍ മജീദ് ആണ് വിമാനത്തിനകത്ത് വെച്ച് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധ സ്വരമുയർത്തിയത്. എന്നാൽ, മുഖ്യമന്ത്രിയെ ശാരീരികമായി ആക്രമിക്കാനാണ് ഇദ്ദേഹം ശ്രമിച്ചതെന്നാണ് സി.പി.എം നേതാക്കൾ ആരോപിക്കുന്നത്. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ് സംഭവം. മുദ്രാവാക്യം വിളിയുമായി മുഖ്യമന്ത്രിയുടെ അടുത്തേക്കെത്തിയ മജീദിനെയും സുഹൃത്തിനെയും എല്‍ഡിഎഫ് കണ്‍വീനറും മുന്‍ മന്ത്രിയുമായ ഇ.പി ജയരാജൻ തള്ളിമാറ്റുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു.

കണ്ണൂരിലെ യാത്രകളിൽ വഴിനീളെയുണ്ടായ പ്രതിഷേധങ്ങൾക്ക് പുറകെയാണ് വിമാനത്തിനുള്ളിൽ വെച്ചും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായത്. വിമാനത്തിൽ വെച്ച് തനിക്ക് നേരെ ഉണ്ടായ സംഭവം തികച്ചും അപലപനീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. വിമാനത്തിനുള്ളിലെ ആക്രമണം ആസൂത്രിതമാണെന്നും, സംഭവത്തെ കോൺഗ്രസ് നേതൃത്വം പിന്തുണച്ചത് ആസൂത്രണത്തിന്‍റെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button