ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ സൈനിക റിക്രൂട്ട്മെന്റ് പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കി. നാല് വര്‍ഷത്തേക്ക് മാത്രം സൈന്യത്തില്‍ ജോലി ചെയ്യാനുള്ള അവസരമൊരുക്കുന്ന പദ്ധതിയാണ് കേന്ദ്രം മുന്നോട്ട് വെച്ചിരിക്കുന്നത്. ‘അഗ്നിപഥ്’ എന്ന പേരില്‍ സായുധ സേനകളുടെ പുതിയ റിക്രൂട്ട്‌മെന്റ് പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ തുടക്കമിട്ടത്.
പുതിയ പദ്ധതി അനുസരിച്ച് പതിനേഴര വയസിനും 21 വയസിനും ഇടയില്‍ പ്രായമുള്ളവരെ സൈന്യത്തിലേയ്ക്ക് എടുക്കും. ഇത്തരത്തില്‍, 45,000 പേരെയാണ് സേനയിലേക്ക് റിക്രൂട്ട് ചെയ്യുക. ഇവര്‍ നാല് വര്‍ഷം മാത്രം സേവനം ചെയ്യുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ആറ് മാസത്തെ പരിശീലനത്തിന് ശേഷമായിരിക്കും ഇവരുടെ നിയമനം. 30,000- 40,000 ഇടയിലായിരിക്കും ശമ്പളം. ഇതിനൊപ്പം പ്രത്യേക അലവന്‍സുകളും അനുവദിക്കും. ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയും ഇവര്‍ക്കുണ്ടാകും. ‘അഗ്നിവീര്‍’ എന്നായിരിക്കും ഈ സൈനികര്‍ അറിയപ്പെടുക.
ചരിത്രപരമായ തീരുമാനം എന്നാണ് പദ്ധതിയെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് വിശേഷിപ്പിച്ചത്. രണ്ടാഴ്ച മുന്‍പ് മൂന്ന് സേനാ തലവന്മാരും പ്രധാനമന്ത്രിയെ പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ ധരിപ്പിച്ചിരുന്നു. സൈനികകാര്യ വകുപ്പാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
Post Your Comments