മലപ്പുറം: യുവതലമുറ ആഗ്രഹിക്കുന്ന വികസനപ്രവർത്തനങ്ങൾ കായികരംഗത്ത് കൊണ്ടുവരാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ. ഇതിനായി, പ്രൈമറിതലം മുതൽ സ്‌കൂൾ പാഠ്യപദ്ധതിയിൽ കായികപഠനം ഉൾപ്പെടുത്തും. പഞ്ചായത്ത് തലത്തിൽ ആധുനിക സൗകര്യങ്ങളുള്ള സ്റ്റേഡിയങ്ങൾ നിർമ്മിക്കും. താനാളൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ശിശുക്കൾക്കായുള്ള കായിക വിദ്യാഭ്യാസ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. താനാളൂർ പഞ്ചായത്ത് നടപ്പാക്കുന്ന ജനകീയാരോഗ്യം@2 പദ്ധതിയുടെ ഭാഗമായാണ് കായികപരിപാടി ആസൂത്രണം ചെയ്യുന്നത്. ജനകീയാരോഗ്യ പരിപാടിയുടെ ഭാഗമായി പഞ്ചായത്തിലെ ഒരോ വീടുകളിലേക്കും നൽകുന്ന ആരോഗ്യ ഡയറിയുടെ പ്രകാശനവും ചടങ്ങിൽ മന്ത്രി നിർവഹിച്ചു.
താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം മല്ലിക അദ്ധ്യക്ഷയായി. കോഴിക്കോട് മെഡിക്കൽ കോളജ് കായിക വിഭാഗം മേധാവി ഡോ.എസ്ബി ജുകുമാർ മുഖ്യപ്രഭാഷണം നടത്തി.
ജനകീയാരോഗ്യം പദ്ധതിയുടെ ലോഗോ രൂപകൽപ്പന ചെയ്ത അസ്ലം തിരൂരിനെ ചടങ്ങിൽ മന്ത്രി ആദരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അബ്ദുറസാഖ്, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ കെ.വി സിനി, പി സതീശൻ, അംഗങ്ങളായ ചാത്തേരി സുലൈമാൻ, കെ. ഫാത്തിമ ബീവി, സെക്രട്ടറി ഒ.കെ പ്രേമരാജൻ, മെഡിക്കൽ ഓഫീസർ ഡോ. ഒ.കെ അമീന, ഹെൽത്ത് ഇൻസ്‌പെക്ടർ എം. സബിത എന്നിവർ സംസാരിച്ചു.
Post Your Comments