KollamKeralaNattuvarthaLatest NewsNews

മദ്യദുരന്ത കേസിൽ മണിച്ചന് മോചനം: 22 വർഷത്തെ ജയിൽ വാസത്തിന് ശേഷം മണിച്ചൻ പുറത്തേക്ക്

തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ പ്രതി മണിച്ചൻ അടക്കമുള്ള 33 തടവുകാരുടെ മോചനത്തിൽ ഒപ്പിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആവശ്യപ്പെട്ട വിശദീകരണം നൽകിയതിനാൽ ആണ് മണിച്ചനും കൂട്ടുപ്രതികൾക്കും അനുകൂല തീരുമാനം ഉണ്ടായത്. 22 വർഷത്തിന് ശേഷമാണ് കേസിൽ മണിച്ചന്റെ മോചനം. മണിച്ചൻ ഉൾപ്പെടെ 33 പ്രതികളും പുറത്തിറങ്ങും. 33 പേരെ തെരഞ്ഞെടുത്തതിന്റെ കാരണം തേടി ഗവർണർ ഫയൽ തിരിച്ചയച്ചിരുന്നു. എന്നാൽ, വിദഗ്ദ സമിതി വിശദമായി പരിശോധിച്ചാണ് 64 പേരിൽ 33 പേരെ വിടാൻ തീരുമാനം എടുത്തത് എന്നായിരുന്നു സർക്കാർ വിശദീകരണം. ഈ വിശദീകരണം തൃപ്തമാണെന്ന് കണ്ടാണ് ഗവർണർ ഫയലിൽ ഒപ്പിട്ടത്.

20 വർഷം തടവ് പിന്നിട്ടവരെയും പ്രായാധിക്യം ഉള്ളവരെയും രോഗികളെയും ആണ് പുറത്തുവിടാനായി പരിഗണിച്ചത് എന്നായിരുന്നു സർക്കാരിന്റെ വിശദീകരണം. മണിച്ചന്റെ മോചനത്തിൽ തീരുമാനം എടുക്കണം എന്ന് സുപ്രീം കോടതിയും നിർദ്ദേശം നൽകിയിരുന്നു. മദ്യദുരന്ത കേസിലെ പ്രതി മണിച്ചനുള്‍പ്പെടെ 33 തടവുകാരുടെ മോചനത്തിനായി എല്ലാ ചട്ടങ്ങളും പാലിച്ചുകൊണ്ടാണ് തീരുമാനമെന്നാണ് സർക്കാർ പറയുന്നത്.

Also Read:പച്ചമുട്ട കഴിക്കുന്നവർ അറിയാൻ

ആഭ്യന്തര സെക്രട്ടറി, നിയമ സെക്രട്ടറി, ജയിൽ ഡിജിപി എന്നിവടങ്ങിയ സമിതി നിർദ്ദേശിച്ചത് 64 തടവുകാരുടെ പേരുകളാണ്. ഇതിൽ നിന്നും 33 പേരെ തിരഞ്ഞെടുക്കുകയായിരുന്നു. സ്വാതന്ത്ര്യത്തിന്‍റെ 75 വർ‍ഷത്തിന്‍റെ ഭാഗമായി തടവുകാരെ വിട്ടയക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനപ്രകാരമാണ് സർക്കാർ സമിതിയെ തീരുമാനിച്ചത്. 20 വർഷത്തിലേറെയായി ജയിലിൽ മോചനമില്ലാതെ കിടക്കുന്നവർ, പ്രായമായവർ, രോഗികള്‍ എന്നിവർക്ക് പരിഗണ നൽകിയാണ് ഉദ്യോഗസ്ഥ തല സമിതി പട്ടിക തയ്യാറാക്കിയത്. സ്ത്രീകളെ കൊലപ്പെടുത്തിയവർ ഉള്‍പ്പടെ പട്ടികയിൽ ഇടം നേടി. രോഗവും പ്രായാധിക്യവും കാരണമാണ് അവരെ ഉള്‍പ്പെടുത്തിയത്.

മണിച്ചന്‍റെ വിടുതൽ ശുപാർശ ഗവർണർ അംഗീകരിച്ചാലും കോടതി ഉത്തരവ് പ്രകാരമുള്ള നഷ്ടപരിഹാരം തുക കെട്ടിവച്ചാൽ മാത്രമേ മണിച്ചന് പുറത്തിറങ്ങാൻ കഴിയൂവെന്നാണ് നിയമവിദഗ്ധർ ചൂണ്ടികാട്ടുന്നത്. ജീവപര്യന്തം കഠിന തടവും പിഴയുമാണ് കേസിൽ കൊല്ലം സെഷൻസ് കോടതി മണിച്ചന് വിധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button