കോഴിക്കോട്: മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്തി വളഞ്ഞിട്ട് ആക്രമിക്കാമെന്ന് കരുതേണ്ടെന്ന് വ്യക്തമാക്കി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മുഖ്യമന്ത്രിയെ ഒറ്റ തിരിഞ്ഞ് അടിച്ചു കളയാം എന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കിൽ അത് എൽ.ഡി.എഫിന് അംഗീകരിക്കാനാകില്ലെന്നും സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന വിധം കലാപ ആഹ്വാനം നടത്തിയാൽ കയ്യുംകെട്ടി പോകാനാകില്ലെന്നും മന്ത്രി പറഞ്ഞു.
‘ഭരണം നഷ്ടപ്പെടുമ്പോൾ യു.ഡി.എഫിന് സ്വാഭാവികമായും സങ്കടവും പ്രയാസവും ഉണ്ടാകും. ഭരണത്തെ മാത്രം ആശ്രയിച്ചു മുന്നോട്ടു പോകുന്ന സംവിധാനത്തെ സംബന്ധിച്ചിടത്തോളം ഉറക്കം നഷ്ടപ്പെടും. ആ ഉറക്കം നഷ്ടപ്പെടുന്നതിന്റെ ഭാഗമായി, ഇത്തരം പ്രവൃത്തി ചെയ്യുമ്പോൾ ജനങ്ങൾ നേരിടും. കരിങ്കൊടി കാണിക്കുന്നതും കറുത്ത മാസ്ക് ധരിക്കുന്നതും കലാപ ആഹ്വാനമായി കാണുന്നില്ല. മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്തി വളഞ്ഞിട്ട് ആക്രമിക്കാമെന്ന് കരുതേണ്ട. അടിക്കാൻ സമ്മതിക്കുന്ന ആളല്ല മുഖ്യമന്ത്രി. എൽ.ഡി.എഫ് അങ്ങനെ സമ്മതിക്കുന്ന ഒരു മുന്നണിയല്ലെന്ന് സമരക്കാർ ഓർക്കണം. മുഖ്യമന്ത്രിയെ ഒറ്റ തിരിഞ്ഞ് അടിച്ചു കളയാം എന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കിൽ അത് എൽ.ഡി.എഫിന് അംഗീകരിക്കാനാകില്ല’, മുഹമ്മദ് റിയാസ് വ്യക്തമാക്കി.
ബോധപൂർവം കുഴപ്പങ്ങളുണ്ടാക്കി കേരളത്തിലെ സർക്കാരിനെ അസ്ഥിരപ്പെടുത്തിക്കളയാം എന്നു വിചാരിച്ചാൽ കയ്യുംകെട്ടി പോകാനാകില്ലെന്നും ജനങ്ങളെ അണിനിരത്തി, ജനങ്ങളെ കാര്യം ബോധ്യപ്പെടുത്തി മുന്നോട്ടു പോകുമെന്നും റിയാസ് പറഞ്ഞു. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്നുണ്ടോ എന്ന് സമരം ചെയ്യുന്നവരാണ് മനസിലാക്കേണ്ടതെന്നും എങ്ങനെയും സമരം ചെയ്തു വായിൽ തോന്നിയ എന്തും വിളിച്ചു പറയാമെന്നു കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments