ന്യൂഡെല്‍ഹി: ഓണ്‍ലൈന്‍ ഗെയിമിംഗ്, ഫാന്റസി സ്പോര്‍ട്സ് തുടങ്ങിയവയുടെ പരസ്യങ്ങള്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നിരോധിച്ചു. അത്തരം പരസ്യങ്ങളുമായി ബന്ധപ്പെട്ട് സ്വകാര്യ സാറ്റലൈറ്റ് ടിവി ചാനലുകള്‍, പ്രിന്റ്, ഡിജിറ്റല്‍ മാദ്ധ്യമങ്ങള്‍ക്ക് മന്ത്രാലയം നിര്‍ദ്ദേശങ്ങള്‍ നല്‍കി. പരസ്യങ്ങള്‍ സുതാര്യമാകണമെന്നും ഉപഭോക്താക്കളെ സംരക്ഷിക്കണമെന്നും പരസ്യദാതാക്കളോടും പ്രക്ഷേപകരോടും മന്ത്രാലയം നിര്‍ദ്ദേശിച്ചു.
ഓണ്‍ലൈന്‍ ഗെയിമിംഗിന്റെ സ്റ്റാറ്റിക് അല്ലെങ്കില്‍ പ്രിന്റ്, ഓഡിയോ, ദൃശ്യ പരസ്യങ്ങളില്‍ പ്രത്യേകം ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ അടങ്ങിയ അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (ASCI) മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സ്വകാര്യ സാറ്റലൈറ്റ് ടിവി ചാനലുകള്‍ പാലിക്കണമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു.
രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും വാതുവെപ്പും ചൂതാട്ടവും നിയമവിരുദ്ധമാണെന്നും, ഓണ്‍ലൈന്‍ വാതുവെപ്പിനുള്ള പരസ്യങ്ങള്‍ വലിയതോതില്‍ നിരോധിക്കപ്പെട്ട ഒരു പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന ആശങ്കകള്‍ ജനങ്ങള്‍ക്കിടയില്‍ പ്രത്യേകിച്ച് യുവാക്കള്‍ക്കും, കുട്ടികള്‍ക്കും ഇടയില്‍ പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
ഓണ്‍ലൈന്‍ വാതുവെപ്പിനുള്ള പരസ്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഉപഭോക്തൃ സംരക്ഷണ നിയമം 2019, കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക് റെഗുലേഷന്‍ ആക്റ്റ് 1995 പ്രകാരമുള്ള പരസ്യ കോഡ്, 1978-ലെ പ്രസ് കൗണ്‍സില്‍ ആക്ട് പ്രകാരം പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ഇറക്കിയ പത്രപ്രവര്‍ത്തന പെരുമാറ്റ ചട്ടങ്ങള്‍ക്ക് കീഴിലുള്ള പരസ്യ മാനദണ്ഡങ്ങള്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി റൂള്‍സ് 2021 എന്നിവയിലെ കര്‍ശനമായ നിയമങ്ങള്‍ക്ക് അനുസൃതമല്ലെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
Post Your Comments