മുംബൈ: വിദ്യാസമ്പന്നയാണെന്ന് കരുതി ഉപജീവനത്തിനായി ജോലി ചെയ്യാൻ സ്ത്രീയെ നിർബന്ധിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. വിവാഹമോചിതയായ ഭാര്യക്ക് ജീവനാംശം നൽകണമെന്ന കോടതി ഉത്തരവിനെതിരെ മുൻഭർത്താവ് നൽകിയ ഹർജി പരിഗണിക്കവേയാണ് ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം. പൂനെയിലെ കുടുംബകോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് ഇയാൾ സമർപ്പിച്ച പുനഃപരിശോധനാ ഹർജി ജസ്റ്റിസ് ഭാരതി ദാംഗ്രെയുടെ സിംഗിൾ ബെഞ്ച് തള്ളി.
യോഗ്യതയും ബിരുദവും ഉണ്ടെങ്കിൽപ്പോലും ഒരു സ്ത്രീക്ക് ‘ജോലി ചെയ്യാനോ വീട്ടിൽ താമസിക്കാനോ ഉള്ള ചോയിസ്’ ഉണ്ടെന്ന് വെള്ളിയാഴ്ച വാദം കേൾക്കുന്നതിനിടെ കോടതി പറഞ്ഞു.
‘വീട്ടിലെ സ്ത്രീ (സാമ്പത്തികമായി) സംഭാവന നൽകണമെന്ന് നമ്മുടെ സമൂഹം ഇതുവരെ അംഗീകരിച്ചിട്ടില്ല. ജോലി ചെയ്യുന്നത് ഒരു സ്ത്രീയുടെ തിരഞ്ഞെടുപ്പാണ്. ജോലിക്ക് പോകണമെന്ന് അവളെ നിർബന്ധിക്കാനാവില്ല. ബിരുദധാരിയായതുകൊണ്ട് അവൾക്ക് വീട്ടിൽ വെറുതെ ഇരിക്കാൻ കഴിയില്ലെന്ന് അർത്ഥമാക്കുന്നില്ല’, ജസ്റ്റിസ് ഡാംഗ്രെ പറഞ്ഞു.
‘ഇന്ന് ഞാൻ ഈ കോടതിയിലെ ജഡ്ജിയാണ്. നാളെ ഞാൻ വീട്ടിൽ ഇരിക്കാം എന്ന് കരുതുക. അപ്പോൾ നിങ്ങൾ പറയുമോ ഞാൻ ജഡ്ജിയാകാൻ യോഗ്യനാണ്, വീട്ടിൽ ഇരിക്കാൻ പാടില്ല എന്ന്?’, ഡാംഗ്രെ ഹർജിക്കാരന്റെ അഭിഭാഷകനോട് ചോദിച്ചു.
വേർപിരിഞ്ഞ ഭാര്യ ബിരുദധാരിയായതിനാലും ജോലി ചെയ്ത് ഉപജീവനം നടത്താനുള്ള കഴിവുള്ളതിനാലും, കുടുംബ കോടതി തന്റെ കക്ഷിയോട് ജീവനാംശം നൽകാൻ നിർദ്ദേശിച്ചത് ന്യായമല്ലെന്നായിരുന്നു ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചത്. മുൻഭാര്യയയ്ക്ക് നല്ല വിദ്യാഭ്യാസമുണ്ടെങ്കിലും, വീട്ടിൽ വെറുതെ ഇരിക്കുകയാണെന്നും താൻ ജോലി ചെയ്ത അദ്ധ്വാനിച്ച പണം ജീവനാംശം ആയി കൊടുക്കുന്നത് ന്യായമാണോ എന്നുമായിരുന്നു ഹർജിക്കാരൻ ഉന്നയിച്ച ചോദ്യം.
Post Your Comments