പാലക്കാട്: അഭിഭാഷകനെതിരെ കേസെടുത്തതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെ ബോധരഹിതയായി കുഴഞ്ഞുവീണ് സ്വപ്‌ന സുരേഷ്. പറഞ്ഞ മൊഴിയില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. ഇന്നലെ പുറത്ത് വിട്ട ഓഡിയോ സന്ദേശം കേസുമായി ബന്ധപ്പെട്ട ഒന്നാണ്. വിലയ്‌ക്കെടുക്കാനുള്ള ശ്രമം നടന്നു എന്ന് കാണിക്കാനാണ് ഓഡിയോ പുറത്ത് വിട്ടത്.
കേസുമായി ബന്ധപ്പെട്ട സത്യങ്ങള്‍ മുഴുവന്‍ പുറത്ത് വരുന്നതിന് വേണ്ടിയാണ് രഹസ്യമൊഴി നല്‍കിയതെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണ ഏജന്‍സികള്‍ക്ക് ബാക്കി കാര്യം ചെയ്യാം. എന്തിനാണ് തന്നെ ഇങ്ങനെ ആക്രമിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. വേട്ടയാടണമെങ്കില്‍ ഇനിയും വേട്ടയാടിക്കോളു, പക്ഷേ ഒപ്പമുള്ളവരേ വെറുതേ വിടണം. മാനസികമായി വലിയ പീഡനം അനുഭവിക്കുന്നുവെന്നും തന്നെ കൊന്നാല്‍ ഇത് മുഴുവന്‍ അവസാനിക്കുമെന്നും സ്വപ്‌ന പറയുന്നു.
തന്റെ കണ്ണുനീര്‍ ഒരു ഭീരുവിന്റേത് അല്ലെന്നും ഒരുപാട് അനുഭവിക്കുന്ന ഒരു സ്ത്രീയുടെയാണെന്നും അവര്‍ പറഞ്ഞു. ഇത്രയും പറഞ്ഞുകൊണ്ട് സ്വപ്‌ന സുരേഷ് മാധ്യമങ്ങള്‍ക്കുമുന്നില്‍ പൊട്ടിക്കരയുകയായിരുന്നു. പിന്നീട് വിറച്ച് തറയിലേക്ക് മറിഞ്ഞുവീണ സ്വപ്‌നയ്ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി. സ്വപ്നയെ ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം, അവർ മാധ്യമങ്ങളോട് പറഞ്ഞതിന്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ,
ഷാജ് കിരണ്‍ പറഞ്ഞതെല്ലാം സംഭവിക്കുകയാണ്. ഞാന്‍ പറഞ്ഞതിലെല്ലാം ഉറച്ചുനില്‍ക്കുന്നു. അഭിഭാഷകനെ ഇന്ന് പൊക്കുമെന്ന് ഷാജ് പറഞ്ഞു. അത് നടന്നു. സരിത്തിനെ പൊക്കുമെന്ന് പറഞ്ഞു. അതും നടന്നു. തൊട്ടടുത്ത ദിവസം തന്നെ കാണാന്‍ വന്ന ഷാജ് താന്‍ നേരിടാന്‍ പോകുന്ന പ്രശ്‌നങ്ങളെ കുറിച്ചും പ്രത്യാഘാതങ്ങളെ കുറിച്ചും വിവരിച്ചുവെന്നും സ്വപ്‌ന പറയുന്നു. വിലപേശല്‍ നടന്നെന്ന് കാണിക്കാന്‍ വേണ്ടി മാത്രമാണ് ഷാജ് കിരണിന്റെ ശബ്ദ സന്ദേശം താന്‍ പുറത്തുവിട്ടതെന്ന് സ്വപ്‌ന സുരേഷ് പറഞ്ഞു.
തന്നെ ഉപദ്രവിക്കുന്നത് നിര്‍ത്തണം. അഭിഭാഷകനെ മാറ്റിക്കൊണ്ടിരിക്കാന്‍ തന്റെ കൈയില്‍ പണമില്ല. ഒരു ഭീകരവാദിയെ പോലെ പിന്തുടര്‍ന്ന് തന്നെ ഉപദ്രവിക്കുന്നത് എന്തിനാണെന്നും സ്വപ്‌ന സുരേഷ് ചോദിച്ചു. ഷാജ് കിരണ്‍ മുഖ്യമന്ത്രിയേയും കോടിയേരി ബാലകൃഷ്ണനേയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചില്ലേ? എന്നിട്ടും എന്തിന് തനിക്കെതിരെ മാത്രം കേസെടുക്കുന്നത് എന്തുകൊണ്ടാണെന്ന് സ്വപ്‌ന സുരേഷ് ചോദിച്ചു.
Post Your Comments