ന്യൂഡൽഹി: പ്രവാചക നിന്ദ നടത്തിയ ബി.ജെ.പി വക്താവ് നൂപുർ ശർമ്മയെ തലയറുത്ത് കൊല്ലുന്ന വീഡിയോ പങ്കുവെച്ച യൂട്യൂബർ ഫൈസൽ വാനിയെ അറസ്റ്റ് ചെയ്ത് പോലീസ്. വീഡിയോ വൈറലായതോടെ, പ്രശ്നമാകുമെന്ന് കണ്ട് വാനി കഴിഞ്ഞ ദിവസം മാപ്പ് പറഞ്ഞിരുന്നു. എന്നാൽ, ശനിയാഴ്ച ജമ്മു കശ്മീർ പോലീസ് വാനിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. യൂട്യൂബിൽ ഡീപ് പെയിൻ ഫിറ്റ്നസ് എന്ന പേരിൽ വാനി ഒരു ചാനൽ നടത്തിയിരുന്നു. ഇതുവഴിയായിരുന്നു വീഡിയോ പങ്കുവെച്ചത്.
‘എന്റെ വീഡിയോ നിമിഷനേരം കൊണ്ട് വൈറലായി. അതെ, വീഡിയോ ഞാൻ നിർമ്മിച്ചതാണ്. പക്ഷേ എനിക്ക് ദുരുദ്ദേശ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഞാൻ വീഡിയോ നീക്കം ചെയ്തു. എന്റെ വീഡിയോ ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു’, വാനി നേരത്തെ പറഞ്ഞിരുന്നു.
നൂപുറിന്റെ പ്രസ്താവന വിവാദമായപ്പോഴായിരുന്നു വാനി പ്രതീകാത്മകമായ ഒരു വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോയിൽ, യൂട്യൂബർ വാളുമായി നിൽക്കുന്നതും നൂപുർ ശർമ്മയുടെ ഫോട്ടോയുടെ തലവെട്ടുന്നതും കാണപ്പെട്ടു. ഈ ഗ്രാഫിക് വീഡിയോ വൈറലായി. ഇതോടെയാണ് വാനിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ബി.ജെ.പിയുടെ വക്താവായിരുന്ന നൂപുർ ശർമ്മ ഒരു ടി.വി ചർച്ചയ്ക്കിടെ പ്രവാചകനെക്കുറിച്ച് പ്രതികരിച്ചത് ആഗോളതലത്തിൽ വൻ പ്രതിഷേധത്തിന് കാരണമായി. സംവാദത്തിൽ നിന്നുള്ള ക്ലിപ്പ് വൈറലായതോടെ ഖത്തർ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവയുൾപ്പെടെ കുറഞ്ഞത് 14 രാജ്യങ്ങൾ ഇന്ത്യയെ ആക്ഷേപിച്ചു. പിന്നാലെ, നൂപുർ ശർമ്മയെയും നവീൻ ജിൻഡാലിനെയും പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ടി.വി ഷോകളിൽ പ്രത്യക്ഷപ്പെടുന്ന തങ്ങളുടെ പ്രതിനിധികൾക്കായി പുതിയ മാർഗ്ഗനിർദ്ദേശങ്ങളും ബി.ജെ.പി രൂപീകരിച്ചു. ഔദ്യോഗിക വക്താക്കൾക്ക് മാത്രമേ ഇപ്പോൾ ടി.വി ചർച്ചകളിൽ പങ്കെടുക്കാൻ അനുമതിയുള്ളൂ. മാത്രമല്ല, മതചിഹ്നങ്ങളെക്കുറിച്ച് സംസാരിക്കരുതെന്നും വക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments