ന്യൂഡല്‍ഹി: ഗർഭപാത്രത്തിലെ മുഴയുടെ ഓപ്പറേഷനിടെ രക്തം മാറി കുത്തിവെച്ച് രോഗി മരിക്കാനിടയായ സംഭവത്തില്‍ തിരുവനന്തപുരത്തെ സമദ് ആശുപത്രിക്ക് പിഴ. 20 ലക്ഷം രൂപ മരിച്ച യുവതിയുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരമായി നല്‍കാന്‍ ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ വിധിച്ചു. കോടതി ചെലവിനായി 11 ലക്ഷം നല്‍കാനും ഉത്തരവായി.
സജീനയുടെ യൂട്രസില്‍ ഫൈബ്രോയിഡ് കണ്ടെത്തിയതിനെ തുടര്‍ന്ന് ലാപ്രോസ്‌കോപിക് ശസ്ത്രക്രിയ വേണമെന്ന് നിര്‍ദ്ദേശിക്കപ്പെട്ടു. ഇതിനായി രക്തം കുത്തിവെയ്ക്കണമെന്ന് ഡോ. സതിപിള്ള നിര്‍ദ്ദേശിച്ചു. രക്തം നല്‍കിയതിന് ശേഷം സജീന ഗുരുതരാവസ്ഥയിലായി. ഒ- പോസിറ്റീവ് രക്തത്തിന് പകരം ബി – പോസിറ്റീവ് രക്തമാണ് രക്തമാണ് രോഗിക്ക് നല്‍കിയത്. ഇതേ തുടര്‍ന്ന് സ്ഥിതി വഷളായി, പിന്നീട് മരണം സംഭവിക്കുകയായിരുന്നു.
ആശുപത്രിയുടെ അനാസ്ഥ മൂലം 28 കാരിയായ മകളും റോഡപകടത്തെത്തുടര്‍ന്ന് മരുമകനും മരിച്ചതിനെ തുടര്‍ന്ന് മാനസികമായി തകര്‍ന്ന മാതാപിതാക്കളുടെ അവസ്ഥയെ കമ്മീഷന് അവഗണിക്കാനായില്ലെന്ന് വിധി ന്യായത്തില്‍ ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ആര്‍ കെ. അഗര്‍വാള്‍, കമ്മീഷനംഗം ഡോ. എസ്. എം. കാന്തികാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.
സംസ്ഥാന കമ്മീഷന്‍ 9.33 ലക്ഷം രൂപയാണ് സജീന്റെ മാതാപിതാക്കള്‍ക്ക് നഷ്ടപരിഹാരമായി വിധിച്ചത്. സംസ്ഥാന കമ്മീഷന്‍ മാതാപിതാക്കളുടെ നഷ്ടം കണക്കാക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് ദേശീയ കമ്മീഷന്‍ അഭിപ്രായപ്പെട്ടു. പരാതിക്കാര്‍ ഇതിലേറെ നഷ്ടപരിഹാരം കിട്ടാന്‍ അര്‍ഹരാണെന്നും വിധിന്യായത്തില്‍ പറയുന്നുണ്ട്. ആറാഴ്ചയ്ക്കുള്ളില്‍ രോഗിയുടെ മാതാപിതാക്കള്‍ക്ക് നഷ്ടപരിഹാരത്തുക പൂര്‍ണ്ണമായി നല്‍കണമെന്നും കമ്മീഷന്റെ വിധിന്യായത്തിലുണ്ട്.
സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ വിധിക്കെതിരെ ആശുപത്രിയും ഡോ. സതി പിള്ളയും സമര്‍പ്പിച്ച അപ്പീലിലാണ് കേന്ദ്ര കമ്മീഷന്റെ വിധി. 28 കാരിയായ സജീനയും ഭര്‍ത്താവ് എ.കെ. നസീറും സമദ് ആശുപത്രിയില്‍ വന്ധ്യതാ ചികിത്സ തേടിയിരുന്നു. ചികിത്സയുടെ ഭാഗമായി നല്‍കിയ രക്തം ഗ്രൂപ്പ് മാറിനല്‍കിയതുമൂലം സജീന മരിക്കാനിടയായി. ആശുപത്രിയുടെ പിഴവിനെതിരെ സജീനയുടെ മാതാപിതാക്കള്‍ ഉപഭോക്തൃ കമ്മീഷനെ സമീപിക്കുകയായിരുന്നു.
Post Your Comments