ഇടുക്കി: ഇടുക്കി ജില്ലയിൽ എൽ.ഡി.എഫ് ഹർത്താൽ. സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ വീതിയിൽ പരിസ്ഥിതിലോല മേഖല വേണമെന്ന സുപ്രീം കോടതി നിർദ്ദേശത്തിനെതിരെയാണ് എൽ.ഡി.എഫ് ഹർത്താലിന് ആഹ്വാനം ചെയ്തത്. വൈകിട്ട് ആറു വരെയാണ് ഹർത്താൽ. അവശ്യ സർവ്വീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ ഇതുവരെ കടകളൊന്നും തുറന്നിട്ടില്ല.
വിഷയത്തിൽ കേന്ദ്രസർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് എൽ.ഡി.എഫ് നേതാക്കൾ ആവശ്യപ്പെടുന്നത്. കോടതിവിധി ഇടുക്കി ജില്ലയിലെ ജനവാസ മേഖലകളെയാണ് ഏറെ ഗുരുതരമായി ബാധിക്കുന്നത്. നാല് ദേശീയോദ്യാനങ്ങളും പെരിയാർ ഉൾപ്പെടെ നാല് വന്യജീവിസങ്കേതങ്ങളും ഇടുക്കി ജില്ലയിലാണ്.
Read Also: ബിഹാറില്‍ മതം മാറ്റ നിരോധന നിയമം നടപ്പാക്കേണ്ട ആവശ്യമില്ല: മുഖ്യമന്ത്രി
അതേസമയം, ഹൈറേഞ്ച് സംരക്ഷണ സമിതി അടക്കം സമരത്തിലേക്ക് നീങ്ങുകയാണ്. ഹൈറേഞ്ച് മേഖലയിൽ കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ സർവ്വീസ് നടത്തുന്നില്ല. ചില സ്വകാര്യ ടാക്സി വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങുന്നത്. തൊടുപുഴയിൽ നിന്നുള്ള ദീർഘദൂര കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ ഓടുന്നുണ്ട്. നിർബന്ധിച്ച് ആളുകളെ മടക്കി അയക്കലോ നിർബന്ധിപ്പിച്ച് കട അടപ്പിക്കലോ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 16ന് യു.ഡി.എഫും ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments