KeralaLatest NewsNews

‘പെണ്ണുങ്ങൾ നീളൻ മുടിയുള്ളവരാണ്‌, അവർ വയ്‌ക്കുന്ന കറികളിൽ നിന്ന് മുടിയൊക്കെ കിട്ടും; വേണമെങ്കിൽ കഴിക്കാം’: ശാരദക്കുട്ടി

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കാനായി സർക്കാർ സ്‌കൂളിൽ സന്ദർശനം നടത്തിയ ഭക്ഷ്യമന്ത്രി ജി.ആർ അനിലിന് ഭക്ഷണത്തിൽ നിന്നും മുടി കിട്ടിയത് വാർത്തയായിരുന്നു. കോട്ടൺഹിൽ സ്‌കൂളിൽ വെച്ചായിരുന്നു സംഭവം. കഴിച്ചുകൊണ്ടിരിക്കവേ ഭക്ഷണത്തിൽ നിന്നും മുടി ലഭിച്ചതിനെ തുടർന്ന് മന്ത്രി കഴിക്കുന്നത് അവസാനിപ്പിച്ചെഴുന്നേറ്റു. ഇതിനെ ചുറ്റിപ്പറ്റി സോഷ്യൽ മീഡിയയിൽ ചർച്ചകൾ കൊഴുക്കുകയാണ്.

മുടി കിട്ടിയതിന്റെ പേരിൽ സുഹൃത്തിന് മുന്നിൽ ചൂളി നിൽക്കേണ്ടി വന്ന അവസ്ഥയെ കുറിച്ച് എഴുത്തുകാരിയായ എസ് ശാരദക്കുട്ടി തന്റെ അനുഭവം പങ്കുവെയ്ക്കുകയാണ്. പാചകം ചെയ്യുന്നത് സ്ത്രീകളാകുമ്പോൾ അവരുടെ നീളൻ മുടിയൊക്കെ കറികളിൽ വീണേക്കാമെന്നും, ഭക്ഷണം വേണ്ടവർക്ക് കഴിക്കാമെന്നും അല്ലാത്തവർക്ക് എഴുന്നേറ്റ് പോകാമെന്നും ശാരദക്കുട്ടി തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.

ശാരദക്കുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

കൊഴിയുന്ന തലമുടി ചുരുട്ടിക്കെട്ടി തെങ്ങിൻ ചോട്ടിൽ കുഴിച്ചിട്ട് മണ്ണ് ഉപ്പൂറ്റി കൊണ്ട് ചവിട്ടി ഉറപ്പിച്ചാൽ പനങ്കുല പോലെ തലമുടി വളരുമെന്ന് അമ്മുമ്മ പറയുമായിരുന്നു. അങ്ങനെ ചെയ്തിട്ടുമുണ്ട്. കുറെക്കാലം കഴിഞ്ഞ് അമ്മുമ്മയോട് എന്തിനാണിങ്ങനെ നുണ പറഞ്ഞു പറ്റിച്ചതെന്നു ചോദിച്ചപ്പോൾ അമ്മുമ്മ പറഞ്ഞത് , നിങ്ങൾ അഞ്ചാറു പെൺപിള്ളേരുടെ തലമുടി മുറിക്കുള്ളിൽ പറന്നു നടക്കാതിരിക്കാനാണ് , ആണുങ്ങൾ ഉണ്ണാൻ വരുമ്പോൾ ചോറിൽ മുടി കിടക്കരുത് അതിനാണ് എന്നൊക്കെയാണ്. കുഴിച്ചിട്ടു കാൽ കൊണ്ടമർത്തിയാൽ മുടി വളരുമെന്നുള്ള പ്രലോഭനം കുറേക്കാലത്തേക്കെങ്കിലും ഫലിച്ചു. പക്ഷേ ഒരു കുഞ്ഞു തലമുടിയെങ്കിലും ചോറിൽ കണ്ടാൽ അമ്മയെ എല്ലാവരും രൂക്ഷമായി നോക്കി. അമ്മ കുറ്റബോധം കൊണ്ടു ചൂളി . അച്ഛൻ വളർത്തിയ മക്കൾ നോട്ടം തുടരുകയും അമ്മ വളർത്തിയ മക്കൾ ഉരുകുകയും ചെയ്തു കൊണ്ടിരുന്നു. എന്റെ വീട്ടിൽ ഉണ്ണാൻ വന്ന എന്റെ കൂട്ടുകാരിക്ക് കറിയിൽ നിന്ന് മുടി കിട്ടിയത് അവർ ഊണിനു ശേഷം എന്റെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ അമ്മ വളർത്തിയ ഞാൻ നിന്നു ചൂളി .

അതു കണ്ട് എന്റെ സ്വാധീനം തീരെയില്ലാത്ത എന്റെ മകൾ നേരെ നിന്നു എന്നോടു ചോദിച്ചു, “പെണ്ണുങ്ങളാണുണ്ടാക്കുന്നത് , അവർ നീളൻ മുടിയുള്ളവരാണ്‌. ചിലപ്പോൾ മുടിയൊക്കെ കിട്ടും. അതിനമ്മ ചൂളുന്നതെന്തിന്? അമ്മ പറിച്ചിട്ടതൊന്നുമല്ലല്ലോ” കടയിൽ നിന്ന് , ചന്തയിൽ നിന്ന് ഒക്കെ വരുന്ന പച്ചക്കറികളിൽ ചുറ്റി നിൽക്കുന്ന തലമുടിയൊക്കെ എത്ര തവണ കഴുകി മാറ്റിയിരിക്കുന്നു. എത്ര മാത്രം ശ്രദ്ധയുണ്ടെങ്കിലാണ് ഒരു കറി വൃത്തിയായി പാത്രത്തിൽ വരുക എന്ന് ആർക്കാണറിയാത്തത് !! വീട്ടിലെ പെണ്ണുങ്ങളുടെ വർഷങ്ങളായുള്ള പണികളിലെ അമിത ശ്രദ്ധയെല്ലാം വൃഥാവിലാകും ഒരിക്കൽ ഒരു കറിയിൽ ഒരു തലമുടി കിട്ടിയാൽ. നമ്മൾ വാരിപ്പറിച്ച് കറിയിലിട്ടതാണെന്ന ഭാവത്തിലാണ് മുടി കാണുമ്പോൾ ചിലരുടെ നോട്ടം. മകളാണ് പറഞ്ഞു തന്നത് , കറിയിലെ കുറവുകൾ അമ്മയുടെ കുറവുകളല്ല എന്ന് . വേണമെങ്കിൽ കഴിക്കാം , അല്ലെങ്കിൽ എഴുന്നേറ്റു പോകാം . ഇതു രണ്ടും അമ്മയെ ബാധിക്കാൻ പാടില്ല എന്ന് . അവൾ എന്റെ മകൾ മായ.

shortlink

Related Articles

Post Your Comments

Related Articles


Back to top button