Latest NewsNewsIndiaInternational

‘ഡച്ച് ട്രംപ്’: നൂപുർ ശർമ്മയെ പിന്തുണച്ച ഡച്ച് എം.പി ഗീർട്ട് വൈൽഡേഴ്‌സ് ആരാണ്?

ന്യൂഡൽഹി: ഒരു ടി.വി ചർച്ചയ്ക്കിടെ പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് പറഞ്ഞ ബി.ജെപി വക്താവ് നൂപുർ ശർമ്മയെ പിന്തുണച്ച് കൊണ്ട് ഡച്ച് എം.പി ഗീർട്ട് വൈൽഡേഴ്സ് രംഗത്തെത്തിയത് ചർച്ചയാകുന്നു. നെതർലൻഡ്‌സിൽ നിന്നുള്ള തീവ്ര വലതുപക്ഷ നേതാവ് ആണ് വൈൽഡേഴ്‌സ്. നൂപുർ ശർമ്മ പറഞ്ഞത് സത്യം മാത്രമാണെന്നും ഇസ്‌ലാമിക രാജ്യങ്ങളുടെ രോഷം പരിഹാസ്യമാണെന്നുമായിരുന്നു അദ്ദേഹം പ്രതികരിച്ചത്. ഈ പ്രതികരണം ഏറെ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതെളിച്ചതോടെ ആരാണ് ഗീർട്ട് വൈൽഡേഴ്സ് എന്ന ചോദ്യവും ഉയർന്നു.

നൂപുർ ശർമ്മയെ പിന്തുണയ്ക്കാൻ അദ്ദേഹം ഇന്ത്യക്കാരോട് ആവശ്യപ്പെടുകയും ചെയ്തു. ‘അൽ-ഖ്വയ്ദയെപ്പോലുള്ള ഇസ്ലാമിക ഭീകരർക്ക് മുന്നിൽ ഒരിക്കലും വഴങ്ങരുത്, അവർ ക്രൂരതയെ പ്രതിനിധീകരിക്കുന്നു. ഇന്ത്യൻ രാഷ്ട്രം മുഴുവൻ ഇപ്പോൾ നൂപുർ ശർമ്മയ്ക്ക് ചുറ്റും അണിനിരക്കുകയും അവളെ പിന്തുണയ്ക്കുകയും വേണം. അൽ-ഖ്വയ്ദയും താലിബാനും വർഷങ്ങൾക്ക് മുമ്പ് എന്നെ അവരുടെ ഹിറ്റ്‌ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. ഒരിക്കലും തീവ്രവാദികൾക്കുവേണ്ടി അവരുടെ തലകുനിക്കരുത്’, വൈൽഡേഴ്‌സ് ട്വീറ്റ് ചെയ്തു.

‘എന്തിനാണ് ഇന്ത്യ മാപ്പ് പറയേണ്ടത്? അതിന്റെ ആവശ്യമെന്ത്?’ വിൽഡേഴ്‌സ് മറ്റൊരു ട്വീറ്റിൽ ചോദിച്ചു.

‘പ്രീണനം ഒരിക്കലും പ്രാവർത്തികമല്ല. അത് കാര്യങ്ങൾ കൂടുതൽ വഷളാക്കുകയേയുള്ളൂ. അതിനാൽ ഇന്ത്യയിൽ നിന്നുള്ള എന്റെ പ്രിയ സുഹൃത്തുക്കളെ, ഇസ്ലാമിക രാജ്യങ്ങളെ ഭയക്കരുത്. സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുക, നിങ്ങളുടെ രാഷ്ട്രീയക്കാരനെ പ്രതിരോധിക്കുന്നതിൽ അഭിമാനിക്കുകയും അചഞ്ചലനായിരിക്കുകയും ചെയ്യുക. വിമർശിക്കുന്നവർക്ക് ജനാധിപത്യമോ നിയമവാഴ്ചയോ സ്വാതന്ത്ര്യമോ ഇല്ല. കപടവിശ്വാസികൾ ആണവർ’, അദ്ദേഹം കുറിച്ചു.

ആരാണ് ഗീർട്ട് വൈൽഡേഴ്സ്? അറിയാത്ത ചില കാര്യങ്ങൾ

1. 1963 സെപ്റ്റംബർ 6-ന് ജനിച്ച ഗീർത്ത് വൈൽഡേഴ്‌സ്, നെതർലൻഡ്‌സിൽ നിന്നുള്ള തീവ്ര വലതുപക്ഷ നേതാവാണ്. രാജ്യത്തെ മൂന്നാമത്തെ വലിയ പാർട്ടിയായ പാർട്ടി ഫോർ ഫ്രീഡത്തിന്റെ സ്ഥാപകനാണ് അദ്ദേഹം. 1998 മുതൽ ജനപ്രതിനിധിസഭയിൽ അദ്ദേഹമുണ്ട്. ഇസ്ലാമിനെ വിമർശിച്ചതിലൂടെയാണ് അദ്ദേഹം അറിയപ്പെട്ട് തുടങ്ങിയത്.

2. മതവിദ്വേഷം വളർത്തി എന്നാരോപിച്ച് ഏറെ ഭീഷണികൾ നേരിട്ടയാൾ. തന്റെ തീക്ഷ്ണമായ പ്രസംഗങ്ങൾ കാരണം അദ്ദേഹത്തിന്റെ ജീവന് ഇപ്പോഴും ഭീഷണി നേരിടുന്നു.

3. വൈൽഡേഴ്‌സ് തന്റെ രാജ്യത്ത് ഇസ്‌ലാം നിരോധിക്കുന്നതിനും പള്ളികൾ അടച്ചുപൂട്ടുന്നതിനും വേണ്ടി പ്രചാരണം നടത്തിയിരുന്നു.

4. ‘ഇസ്ലാം എന്ന് വിളിക്കപ്പെടുന്ന അസഹിഷ്ണുത പ്രത്യയശാസ്ത്രത്തിന്റെ അക്രമത്തെ’ അപലപിച്ചതിന് വൈൽഡേഴ്സിന്റെ ട്വിറ്റർ അക്കൗണ്ട് ഈ വർഷം ആദ്യം താൽക്കാലികമായി നിയന്ത്രിച്ചിരുന്ന. ട്വിറ്ററിൽ ഏറെ വിളക്കുകൾക്ക് വിധേയനായ ആൾ.

5. കുടിയേറ്റക്കാർക്കെതിരെ, പ്രത്യേകിച്ച് മുസ്ലീങ്ങൾക്കെതിരായ വിവാദ പ്രസ്താവനകൾ നടത്തിയ അദ്ദേഹത്തിന് ‘ഡച്ച് ട്രംപ്’ എന്നും വിളിപ്പേരുണ്ട്.

6. കഴിഞ്ഞ വർഷം, ഈദ് സമയത്ത്, വൈൽഡേഴ്‌സ് ഇസ്ലാമിനെയും റംസാനെയും ആക്രമിക്കുന്ന ഒരു വീഡിയോ ട്വീറ്റ് ചെയ്തു. ‘റമദാൻ, നമ്മുടെ സംസ്കാരമല്ല, നമ്മുടെ ചരിത്രമല്ല, നമ്മുടെ ഭാവിയല്ല’ ‘ഇസ്‌ലാമിനെ മഹത്വവത്കരിക്കുന്നത് നിർത്തുക’ ‘ഇസ്‌ലാം നെതർലൻഡ്‌സിന്റേതല്ല’ എന്നിവയായിരുന്നു ആ വീഡിയോയ്ക്ക് അദ്ദേഹം നൽകിയ തലക്കെട്ട്.

7. 2017-ൽ ഗീർത്ത് വൈൽഡേഴ്‌സ്, ജർമ്മൻ സ്വേച്ഛാധിപതി അഡോൾഫ് ഹിറ്റ്‌ലറുടെ മെയിൻ കാംഫുമായി ഇസ്ലാമിക വിശുദ്ധ ഗ്രന്ഥത്തെ താരതമ്യം ചെയ്തുകൊണ്ട് ഖുറാൻ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു.

8. 2012-ൽ ഗീർട്ട് വൈൽഡേഴ്‌സ് ഒരു പുസ്തകം രചിച്ചു: ‘മാർക്ക്ഡ് ഫോർ ഡെത്ത്: ഇസ്‌ലാംസ് വാർ എഗെയ്ൻസ്റ്റ് ദി വെസ്റ്റ് ആൻഡ് മീ’ – എന്നായിരുന്നു പുസ്തകത്തിന്റെ പേര്. ഇസ്ലാമിന്റെ വിമർശകർക്കെതിരെ വ്യവഹാരങ്ങൾ, പ്രോസിക്യൂഷനുകൾ, ഭീഷണികൾ, അക്രമങ്ങൾ എന്നിവയിലൂടെ സംസാര സ്വാതന്ത്ര്യത്തെ വ്യവസ്ഥാപിതമായ അടിച്ചമർത്തൽ എന്നിവയെല്ലാം പുസ്തകത്തിൽ പ്രതിപാദിച്ചിരുന്നു.

9. 2000 മുതൽ വൈൽഡേഴ്‌സ് ഇസ്ലാമിക ഭീകര സംഘടനകളുടെ ഹിറ്റ് ലിസ്റ്റിലുണ്ട്. ജീവന് നേരെയുള്ള നിരന്തര ഭീഷണിയെത്തുടർന്ന് 2004 മുതൽ പോലീസ് സുരക്ഷയിലാണ് അദ്ദേഹം. കനത്ത സുരക്ഷയോടെയാണ് അദ്ദേഹം പുറത്തിറങ്ങുന്നത്.

10. 2008-ൽ ഗീർട്ട് വൈൽഡേഴ്സിനെ ഉദ്ധരിച്ച് ദി ഗാർഡിയൻ പറഞ്ഞു: ‘ഞാൻ മുസ്ലീങ്ങളെ വെറുക്കുന്നില്ല. അവരുടെ പുസ്തകത്തെയും അവരുടെ പ്രത്യയശാസ്ത്രത്തെയും ഞാൻ വെറുക്കുന്നു. ഞങ്ങൾക്ക് യൂറോപ്പിൽ ഇതിനകം 6,000-ലധികം പള്ളികളുണ്ട്. അവ ആരാധനാലയം മാത്രമല്ല, തീവ്രവൽക്കരണത്തിന്റെ പ്രതീകവുമാണ്, ചിലത് സൗദി അറേബ്യയിലോ ഇറാനിലോ ഉള്ള തീവ്ര ഗ്രൂപ്പുകളുടെ ധനസഹായത്തോടെയാണ് ഇത്തരം ചിഹ്നങ്ങൾ നിർത്തേണ്ടത്’.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button