ഹൈദരാബാദ്: പബ്ബിലെ പാർട്ടിക്ക് വന്ന 17-കാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ ഒവൈസിയുടെ പാർട്ടിയായ ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തിഹാദുൾ മുസ്ലിമീൻ (എഐഎംഐഎം) എംഎൽഎയുടെ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. കേസിൽ പങ്കുണ്ടെന്ന് വ്യക്തമായതിനെ തുടർന്നാണ് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ബലാത്സംഗ കേസിൽ ആറ് പ്രതികളെയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്.
കഴിഞ്ഞ വെള്ളിയാഴ്ച അറസ്റ്റിലായ 18 കാരൻ സദുദ്ദീൻ മാലിക് ഉൾപ്പെടെ മുഴുവനാളുകളെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസിൽ ഉൾപ്പെട്ട അഞ്ച് പേർക്കും 20 വർഷത്തിൽ കുറയാത്ത ശിക്ഷ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. കേസിൽ പ്രതിയായ എഐഎംഐഎം എംഎൽഎയുടെ മകന് കുറഞ്ഞത് അഞ്ച് മുതൽ ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കും.
മറ്റൊരു പ്രതി തെലങ്കാന ന്യൂനപക്ഷ ബോർഡ് ചെയർമാന്റെ മകനാണെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പ്രതികൾക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു. മെയ് 28-നായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിലേക്ക് കൊണ്ടുവിടാമെന്ന് വാഗ്ദാനം നൽകി 17-കാരിയെ കാറിനുള്ളിൽ കയറ്റി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. രാത്രി 7.30-ഓടെ പെൺകുട്ടിയെ പബ്ബിൽ തന്നെ ഇറക്കിവിടുകയും ചെയ്തു. തുടർന്ന്, പെൺകുട്ടി തന്റെ പിതാവിനെ വിളിച്ചുവരുത്തുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളാണ് പ്രതികളെ കുടുക്കാൻ സഹായിച്ചത്. ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്കുള്ളിലാണ് കുറ്റകൃത്യം നടത്തിയതെന്ന് അറസ്റ്റിലായ സദുദ്ദീൻ വെളിപ്പെടുത്തുകയും ചെയ്തു. തെളിവുകൾ നശിപ്പിക്കാൻ പ്രതികൾ കാർ വൃത്തിയാക്കിയിരുന്നു. എന്നാൽ, ഫോറൻസിക് സംഘത്തിന്റെ സഹായത്തോടെ ആവശ്യമായ തെളിവുകൾ ശേഖരിക്കാൻ പോലീസിന് കഴിഞ്ഞു. 17-കാരി തന്റെ സുഹൃത്തിനോടൊപ്പമായിരുന്നു പാർട്ടിക്കെത്തിയത്. എന്നാൽ, സുഹൃത്തിന് പെട്ടെന്ന് മടങ്ങേണ്ടി വന്നപ്പോൾ ഈ സാഹചര്യത്തെ മുതലെടുത്ത് പെൺകുട്ടിയെ കുടുക്കുകയായിരുന്നു.
Post Your Comments