റിയാദ്: അമേരിക്ക, ഓസ്ട്രേലിയ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഹജ് തീർത്ഥാടകർക്കായി ഇലക്ട്രോണിക് രജിസ്‌ട്രേഷൻ ആരംഭിച്ച് സൗദി അറേബ്യ. സൗദി ഹജ് മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. www.motawif.com.sa വെബ്‌സൈറ്റിലൂടെയാണ് രജിസ്റ്റർ ചെയ്യേണ്ടത്. നേരത്തെ ഹജ് ചെയ്യാത്ത കോവിഡ് വാക്‌സിൻ കുത്തിവെയ്പ്പ് സ്വീകരിച്ച 65 വയസ്സിനു താഴെയുള്ളവർക്കാണ് അനുമതി ലഭിക്കുക. തീർത്ഥാടകർ 72 മണിക്കൂറിനകം എടുത്ത പിസിആർ നെഗറ്റീവ് ഫലവും ഹാജരാക്കണം.
ഹജ് തീർത്ഥാടകരുടെ പ്രവേശന നടപടിക്രമങ്ങൾ അതിവേഗം പൂർത്തിയാക്കുന്നുവെന്ന് നേരത്തെ സൗദി അറേബ്യ അറിയിച്ചിരുന്നു. ജിദ്ദ കിംഗ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിൽ ജവാസാത്തിനു കീഴിൽ 200 ലേറെ കൗണ്ടറുകൾ പ്രവർത്തിക്കുന്നുണ്ട്. ഹജ് തീർത്ഥാടകർക്ക് സേവനം നൽകാനായി ഏറ്റവും പുതിയ സാങ്കേതിക വിദ്യകളാണ് ജവാസാത്ത് ഉപയോഗിക്കുന്നത്. ജവാസാത്തിനു കീഴിലെ ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ നിരീക്ഷിക്കുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫീൽഡ് സപ്പോർട്ട് സംഘങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഹജ് തീർത്ഥാടകരുമായി ഇടപഴകുന്നതിലും പാസ്‌പോർട്ടുകളിലെ കൃത്രിമങ്ങൾ കണ്ടെത്തുന്നതിനും വേണ്ടി ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
Post Your Comments