തിരുവനന്തപുരം: ഓണ്‍ലൈൻ ഗെയിം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ നഗ്നചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ഒഡിഷ സ്വദേശിയായ സുബ്രാൻഷു ശേഖർ നാഥിനെയാണ് (19) തിരുവനന്തപുരം സൈബർ റൂറൽ പൊലീസ് പിടികൂടിയത്.
ഓൺലൈൻ ഗെയിമായ ഫ്രീഫയർ ഗെയിം കളിക്കിടെ 14 കാരിയുമായി പരിചയപ്പെട്ട യുവാവ് സൗഹൃദം സ്ഥാപിച്ച് വാട്സ്ആപ് നമ്പർ കൈക്കലാക്കി ഫോണിലൂടെ നിരന്തരം വിളിക്കുകയും പിന്തുടരുകയുമായിരുന്നു. പിന്നീട്, വീഡിയോ കോളുകൾ ചെയ്യുകയും അശ്ലീല വീഡിയോകൾ പെൺകുട്ടിക്ക് അയച്ചു നൽകുകയും പെൺകുട്ടിയെ നഗ്നവീഡിയോ കോളിന് ക്ഷണിക്കുകയും ചെയ്തു.
തുടർന്ന്, പിന്തിരിയാൻ ശ്രമിച്ച പെൺകുട്ടിയെ വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. പെൺകുട്ടിയും പ്രതിയുമായുള്ള വീഡിയോ കോളിന്‍റെ സ്ക്രീൻ ഷോട്ടുകൾ പെൺകുട്ടിയുടെ ബന്ധുവിന് അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Post Your Comments