![](/wp-content/uploads/2022/06/youth.jpg)
നീലേശ്വരം: കാറിൽ സഞ്ചരിക്കുകയായിരുന്ന യുവാവിന്റെയും യുവതിയുടെയും ഫോട്ടോ എടുത്ത് പണം തട്ടാൻ ശ്രമിച്ച നാല് യുവാക്കൾ പൊലീസ് പിടിയിൽ. മടിക്കൈ കാരാക്കോട്ടെ ചിട്ടി രാജൻ, ശരത്, ജിജിത്ത്, സുധീഷ് എന്നിവരാണ് പൊലീസ് പിടിയിലായത്. മടിക്കൈ മലപ്പച്ചേരിയിലെ കുഞ്ഞമ്പുവിന്റെ മകൻ പി. രാജീവനെയാണ് (46) നാൽവർ സംഘം പണത്തിനായി ഭീഷണിപ്പെടുത്തിയത്. അമ്പലത്തറ സി.ഐ രഞ്ജിത്ത് രവീന്ദ്രനും സംഘവും ആണ് പ്രതികളെ പിടികൂടിയത്.
കഴിഞ്ഞ ദിവസം രാജീവനും അയൽവാസിയായ വനിത സുഹൃത്തും കാറിൽ സഞ്ചരിക്കുമ്പോൾ കാരാക്കോട്ട് മൈതാനത്തിനടുത്ത് മറ്റൊരു കാറിൽ പിന്തുടർന്നുവന്ന പ്രതികൾ ഇവരെ തടഞ്ഞുനിർത്തുകയും ഭീഷണിപ്പെടുത്തി ഇരുവരെയും മൊബൈലിൽ ഫോട്ടോ പകർത്തിയ ശേഷം വിട്ടയക്കുകയായിരുന്നു. എന്നാൽ, പിന്നീട് രാജീവനെ ഫോണിൽ വിളിച്ച് ഒരു ലക്ഷം രൂപ സംഘം ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ ഇരുവരുടെയും ഫോട്ടോകൾ മോർഫ് ചെയ്ത് നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി.
തുടർന്ന്, രാജീവൻ അമ്പലത്തറ പൊലീസിൽ അറിയിച്ചു. പിന്നീട് പൊലീസ് നടത്തിയ സമർഥമായ നീക്കത്തിലൂടെയാണ് പ്രതികളെ പിടികൂടിയത്. എസ്.ഐ വിജയകുമാർ, എ.എസ്.ഐ രഘുനാഥ്, സിവിൽ ഓഫീസർമാരായ കലേഷ്, രതീശൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Post Your Comments