പാചകം ചെയ്യുമ്പോള്‍ നമ്മുടെ അമ്മയും അമ്മൂമ്മയുമൊക്കെ അടുക്കളയില്‍ പ്രയോഗിച്ചിരുന്ന ചില പൊടിക്കൈകളുണ്ട്… തലമുറകള്‍ കടന്നുപോരുമ്പോള്‍ അതില്‍ മിക്കതും നമുക്ക് കൈമോശം വന്നുപോയിരിക്കുന്നു. സ്വാദൂറുന്ന ഭക്ഷണത്തിന് ചില പൊടിക്കൈകള്‍ മാത്രം പരീക്ഷിച്ചാല്‍ മതി. പുട്ടിനുള്ള പൊടിയില്‍ മൂന്നു കപ്പ് പച്ചരിയ്ക്ക് ഒരു കപ്പ് പുഴുക്കലരി എന്ന കണക്കില്‍ കുതിര്‍ത്ത് പൊടിച്ച് വറുത്തെടുത്താല്‍ പുട്ടിന് രുചി കൂടും.
അരി അധികം വെന്തുപോയാല്‍ അതില്‍ തണുത്ത വെള്ളവും അല്‍പം നെയ്യും ഒഴിച്ച് അനക്കാതെ കുറച്ചുസമയം വച്ച ശേഷം വെള്ളം ഊറ്റിക്കളഞ്ഞ് പരന്ന പാത്രത്തില്‍ നിരത്തിവച്ചാല്‍ മതി. ചോറ് കുഴഞ്ഞ അവസ്ഥ മാറിക്കിട്ടും. പയറും പരിപ്പും കുക്കറില്‍ വേവിക്കുമ്പോള്‍ അല്‍പം എണ്ണ കൂടി ഒഴിച്ചു കൊടുത്താല്‍ കുക്കറിന്റെ വിസില്‍ അടഞ്ഞുപോകില്ല. പരിപ്പു വേവിക്കുമ്പോള്‍ തിളച്ചു മറിയാതിരിക്കാന്‍ തിള വരുമ്പോള്‍ തന്നെ ഒരു തുള്ളി എണ്ണ ചേര്‍ത്താല്‍ മതി.
അടപ്രഥമന്‍ ഉണ്ടാക്കുമ്പോള്‍ കുറുകിപ്പോവുകയോ മധുരം കൂടിപ്പോവുകയോ ചെയ്താല്‍ ഇളംചൂടോടെ പശുവിന്‍പാല്‍ ചേര്‍ത്താല്‍ മതി. ശര്‍ക്കര പായസത്തിന് മധുരം കൂടിയാലും ഒരു ഗ്ലാസ് പാല്‍ ചേര്‍ത്താല്‍ മതിയാകും. തേങ്ങ ചിരകിയതില്‍ അല്‍പം ചൂടുവെള്ളം കൂടി ഒഴിച്ച് പിഴിഞ്ഞാല്‍ മുഴുവന്‍ പാലും പിഴിഞ്ഞെടുക്കാം. പച്ചമുളക് അരിയുമ്പോള്‍ വെളിച്ചെണ്ണയോ പുളിവെള്ളമോ കൈയില്‍ പുരട്ടിയാല്‍ കൈയില്‍ അനുഭവപ്പെടുന്ന പുകച്ചില്‍ അകറ്റാം.
Read Also : വിമാനത്തെക്കാൾ ഉയരത്തിലാണ് അതിന്റെ ടിക്കറ്റ് വില: മധ്യവേനൽ അവധിയിൽ നിരക്ക് പുതുക്കി കമ്പനികൾ
തേങ്ങയുടെ കണ്ണുള്ള മുറിയാണ് ആദ്യം ചീത്തയാകുക. അതുകൊണ്ടുതന്നെ, ഈ ഭാഗം ആദ്യം ഉപയോഗിക്കുക. ഉരുളക്കിഴങ്ങ് പച്ച മോരില്‍ മുക്കിയ ശേഷം വറുത്താല്‍ നല്ല മൃദുവായി കിട്ടും എന്നു മാത്രമല്ല, രുചിയും കൂടും. അടുക്കളയില്‍ അല്‍പം ഗ്രാമ്പൂ വിതറിയാല്‍ ഈച്ച ശല്യം അകറ്റാം. പഞ്ചസാര ഇട്ടു വയ്ക്കുന്ന പാത്രത്തില്‍ രണ്ട് ഗ്രാമ്പൂ ഇട്ടു വച്ചാല്‍ അതില്‍ ഉറുമ്പ് കയറുന്നത് തടയാം.
തക്കാളിയുടെ ഞെട്ട് മാറ്റിയ ഭാഗം താഴെ വരത്തക്കവിധം സൂക്ഷിച്ചാല്‍ പെട്ടെന്ന് കേടാവില്ല. ഒരു ചെറിയ കപ്പില്‍ വെള്ളമെടുത്ത് അതില്‍ കടുക് ഇട്ടു വച്ചാല്‍ ഫ്രിഡ്ജിലെ ദുര്‍ഗന്ധം അകറ്റാം. ഒരു നാരങ്ങ രണ്ടായി മുറിച്ച് വച്ചാലും ഫ്രിഡ്ജിനുള്ളിലെ ദുര്‍ഗന്ധം അകറ്റാം.
Post Your Comments