Latest NewsNewsIndia

‘ന്യൂനപക്ഷങ്ങളെ തിരഞ്ഞ് പിടിച്ച് കൊലപ്പെടുത്തുന്നു’: കശ്മീരി പണ്ഡിറ്റ് സംഘർഷ് സമിതി

ന്യൂഡൽഹി: കശ്മീർ താഴ്‌വരയിൽ അക്രമങ്ങൾ വർദ്ധിച്ചുവരികയാണ്. പണ്ഡിറ്റുകളെ ടാർഗെറ്റ് ചെയ്താണ് തീവ്രവാദികൾ അവരെ കൊലപ്പെടുത്തുന്നത്. ഇത് ജനങ്ങളെ ഭയചകിതരാക്കുന്നു. കശ്മീർ താഴ്‌വരയിൽ പ്രവർത്തിക്കുന്ന തീവ്രവാദികളുടെ നേരിട്ടുള്ള ഭീഷണിയിലാണ് മതന്യൂനപക്ഷത്തിലെ ഓരോ അംഗവുമെന്ന് വെളിപ്പെടുത്തുകയാണ് കശ്മീരി പണ്ഡിറ്റ് സംഘർഷ് സമിതിയുടെ പ്രസിഡന്റ് സഞ്ജയ് കെ ടിക്കൂ. 1990കളിൽ താഴ്‌വര വിട്ടുപോകാത്ത കശ്മീരി പണ്ഡിറ്റുകളുടെ സംഘടനയാണ് കശ്മീരി പണ്ഡിറ്റ് സംഘർഷ് സമിതി.

താഴ്വരയിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസിനെഴുതിയ കത്തിലാണ് തങ്ങളനുഭവിക്കുന്ന ദുരിതം സഞ്ജയ് കെ ടിക്കൂ തുറന്നെഴുതിയത്. കേന്ദ്രഭരണ പ്രദേശവും കേന്ദ്ര ഭരണസംവിധാനവും താഴ്വരയിൽ കഴിയുന്ന ന്യൂനപക്ഷങ്ങളുടെ ജീവൻ സുരക്ഷിതമാക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് കത്തിൽ ആരോപിക്കുന്നു. കശ്മീരി പണ്ഡിറ്റുകളും ഹിന്ദുക്കളും കശ്മീർ താഴ്‌വര വിട്ടുപോകാൻ ആഗ്രഹിക്കുന്നുവെങ്കിലും സർക്കാർ അവരെ പോകാൻ അനുവദിക്കുന്നില്ലെന്നും ടിക്കൂ കത്തിൽ പറഞ്ഞു.

Also Read:യൂക്കോ ബാങ്ക്: പ്രീ അപ്രൂവ്ഡ് പേഴ്സണൽ ലോൺ അവതരിപ്പിച്ചു

അതേസമയം, കശ്മീരിൽ ജോലി ചെയ്യുന്ന എല്ലാ കശ്മീരി പണ്ഡിറ്റുകളേയും തദ്ദേശ സ്വയംഭരണ ഉദ്യോഗസ്ഥരേയും കശ്മീരിലെ എട്ട് സുരക്ഷിത മേഖലകളിൽ നിയമിക്കാനൊരുങ്ങുകയാണ് സർക്കാർ. ഇതിനായി കശ്മീരിലെ 8 ജില്ലാ ആസ്ഥാനങ്ങളിൽ പ്രത്യേക മേഖലകൾ കണ്ടെത്തി. പണ്ഡിറ്റുകൾക്കെതിരെയുള്ള ഭീകരാക്രമണം ചർച്ചചെയ്യാൻ വെള്ളിയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ന്യൂഡൽഹിയിൽ വിളിച്ച് ചേർത്ത യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ ദിവസങ്ങളിലായി 300-ലധികം പണ്ഡിറ്റുകൾ ജമ്മുവിൽ എത്തിയതായി ഒരു അനൗദ്യോഗിക കണക്ക് സൂചിപ്പിക്കുന്നു. എന്നിരുന്നാലും, താഴ്‌വരയിൽ നിന്ന് പണ്ഡിറ്റുകളുടെ കൂട്ട കുടിയേറ്റത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ സർക്കാർ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. ഇതിനിടെ, 177 കശ്മീരി പണ്ഡിറ്റ് അദ്ധ്യാപകരെ ശ്രീനഗറിലെ സുരക്ഷിത പ്രദേശങ്ങളിലേക്ക് സ്ഥലം മാറ്റിയിരുന്നു. ടാർഗെറ്റഡ് ആക്രമണങ്ങളിൽ നിന്ന് തങ്ങളെ സംരക്ഷിക്കുന്നതിൽ ഭരണകൂടം പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ജനങ്ങൾ പ്രതിഷേധമുയർത്തിയിരുന്നു. ഇതിനു പിന്നാലെയാണ്, പ്രധാനമന്ത്രിയുടെ പുനരധിവാസ പാക്കേജിന് കീഴിൽ താഴ്‌വരയിൽ ജോലി ചെയ്തിരുന്ന കശ്മീരി പണ്ഡിറ്റുകളെ സ്ഥലം മാറ്റിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button