കോയമ്പത്തൂര്‍: സ്ത്രീയെ ഇടിച്ചശേഷം നിര്‍ത്താതെപോയ സ്‌കൂള്‍ ബസ് പിന്തുടര്‍ന്ന് നിര്‍ത്തിച്ച സ്വിഗ്ഗി ജീവനക്കാരന് ട്രാഫിക് പോലീസിന്റെ മര്‍ദ്ദനം. ഫുഡ് ഡെലിവറി ജീവനക്കാരനായ എം. മോഹന സുന്ദരത്തെയാണ് പീളമേട് ഫണ്‍ മാളിന് സമീപം വെള്ളിയാഴ്ച വൈകീട്ട് ട്രാഫിക് പോലീസ് മര്‍ദ്ദിച്ചത്. നാഷണല്‍ മോഡല്‍ സ്‌കൂളിന്റെ ബസ് വഴിയരികില്‍ സ്ത്രീയെ തട്ടി വീഴ്ത്തിയ ശേഷം നിർത്താതെ പോയതിനെ തുടര്‍ന്ന്, നിരവധിപേര്‍ ശബ്ദമുയര്‍ത്തുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
ഓര്‍ഡര്‍ നല്‍കാനായി അതുവഴി പോയ മോഹന സുന്ദരം ബസ് നിര്‍ത്തിച്ച് ഡ്രൈവറോട് സംസാരിച്ചു. അതിനിടെ, നിയമം കയ്യിലെടുക്കാന്‍ ആരാണ് അധികാരം തന്നത് എന്ന് ചോദിച്ചു ട്രാഫിക്ക് കോണ്‍സ്റ്റബിള്‍ സതീഷ് അദ്ദേഹത്തെ മര്‍ദ്ദിക്കുകയും കയ്യിലുണ്ടായിരുന്ന സെല്‍ഫോണ്‍ പിടിച്ചു പറിക്കുകയും ചെയ്തു. കണ്ടുനിന്നവര്‍ ദൃശ്യം മൊബൈല്‍ ഫോണിൽ പകർത്തിയതോടെ വലിയ പ്രതിഷേധങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്.
ഇതോടെ, പോലീസ് ഉന്നത ഉദ്യോഗസ്ഥര്‍ നടപടി എടുത്തു. അന്വേഷണത്തിന്റെ ഭാഗമായി ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റി. തുടർന്ന്, ശനിയാഴ്ച വൈകിട്ടോടെ മോഹന സുന്ദരത്തിന്റെ പരാതി ലഭിച്ചതോടെ അന്വേഷണം നടത്തി പൊലീസുകാരനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.
Post Your Comments