
ഇസ്ളാമാബാദ്: അധികം വൈകാതെ തന്നെ പാകിസ്ഥാൻ മൂന്നായി വിഭജിക്കപ്പെടുമെന്ന മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ മുന്നറിയിപ്പ് ഒരു സൂചനയാണ്. ചൈനയുടെ കടസമ്മർദ്ദത്തിൻ കീഴിൽ മറ്റൊന്നും ചെയ്യാൻ കഴിയാതെ തലകുനിച്ച് നിൽക്കുന്ന പാകിസ്ഥാനെ അധികം വൈകാതെ കാണേണ്ടി വരുമെന്നതിന്റെ സൂചന. പാകിസ്ഥാൻ ശ്രീലങ്കയുടെ വഴിക്ക് പോകുന്നുവെന്ന് രാഷ്ട്രീയ-സാമ്പത്തത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. റഷ്യ-ഉക്രൈൻ സംഘർഷം ഉടൻ ശമിച്ചില്ലെങ്കിൽ സാമ്പത്തിക മാന്ദ്യം കണക്കിലെടുത്ത് മേഖലയിലെ മറ്റ് പല സമ്പദ്‌വ്യവസ്ഥകളും സമാനമായ വെല്ലുവിളികൾ നേരിടാൻ സാധ്യതയുണ്ട്. ഇന്ത്യയെ സംബന്ധിച്ച് പാകിസ്ഥാനിലെ സാമ്പത്തിക രാഷ്ട്രീയ പ്രതിസന്ധി ഒരേസമയം, വെല്ലുവിളിയും ഭൗമരാഷ്ട്രീയത്തിലും ഭൗമസാമ്പത്തികശാസ്ത്രത്തിലും ഒരു പുതിയ അധ്യായം രചിക്കാനുള്ള അവസരം കൂടിയുമാണ്.
പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഭരണവുമായി ഷെഹ്ബാസ് ഷെരീഫ് സർക്കാരിന് പൊതുവായ ചില കാര്യങ്ങളുണ്ട്. പാകിസ്ഥാൻ സൈന്യത്തിന്റെ ആജ്ഞകൾക്ക് കീഴിൽ വഴങ്ങുന്നു എന്നത് അതിലൊന്ന് മാത്രമാണ്. സാമ്പത്തിക ദുരന്തം ഒഴിവാക്കാൻ മറ്റ് രാജ്യങ്ങളോട് സഹായം ചോദിക്കുക എന്നത് മാത്രമേ ഷെരീഫിനെ കൊണ്ട് സാധിക്കുകയുള്ളൂ. ഇമ്രാൻ ഖാൻ ചെയ്തത് പോലെ, സഹായത്തിനായി ഗൾഫ് രാജ്യങ്ങളിലേക്ക് മാത്രമേ ഷെരീഫിന് നോക്കാൻ കഴിയൂ എന്നതും ഒരു വസ്തുതയാണ്.
കടക്കെണിയിൽ നിന്നും രക്ഷപ്പെടണമെങ്കിൽ പാക്കിസ്ഥാന് അടിയന്തിരമായി ബില്യൺ കണക്കിന് ഡോളർ വിദേശ കരുതൽ ശേഖരത്തിൽ നിക്ഷേപിക്കേണ്ടതുണ്ട്. കൂടാതെ, ക്ഷാമവും കലാപകരമായ സാഹചര്യവും ഒഴിവാക്കാൻ ആവശ്യമായത് ചെയ്യണം. ഇന്ത്യയുടെ അയൽരാജ്യം ശ്രീലങ്കയുടെ വിധി നേരിടാനുള്ള യാത്രയിലാണെന്ന് വ്യക്തമാണ്. എന്തിനും ഏതിനും കടം വാങ്ങി രാജ്യത്തെ ഈ നിലയിൽ ആക്കിയതിൽ പ്രധാന പങ്ക് വഹിച്ച മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ തന്നെ, നിലവിലെ സർക്കാരിനെതിരെ ‘മുന്നറിയിപ്പ് പ്രഖ്യാപനവു’മായി രംഗത്ത് വരുമ്പോൾ അതിനു മറുപടി നൽകി രാഷ്ട്രീയ പോരിന് തയ്യാറെടുക്കുകയാണ് നിലവിലെ പ്രധാനമന്ത്രി.
‘പാകിസ്ഥാന്റെ പോക്ക് നാശത്തിലേക്കായിരിക്കും എന്ന് ഞാൻ എഴുതി ഒപ്പിട്ട് തരാം. ആദ്യം ഇല്ലാതാവാൻ പോകുന്നത് സൈന്യമായിരിക്കും. രാജ്യം മൂന്ന് കഷണമാവും. സാമ്പത്തിക നില തകരും. ആണവപ്രതിരോധം ഇല്ലാതാക്കാൻ ലോകരാജ്യങ്ങൾ ശ്രമിക്കും. ഉക്രൈന് സംഭവിച്ചപോലെയാകും കാര്യങ്ങൾ’ – ഇങ്ങനെയായിരുന്നു ഇമ്രാൻ ഖാന്റെ മുന്നറിയിപ്പ് ഭീഷണി. ഇത് രാഷ്ട്രീയ ചേരിതിരിവിന് കാരണമായി. പരസ്പരം ചെളിവാരിയെറിഞ്ഞും, വാദപ്രതിവാദങ്ങൾ നടത്തിയും ഭരണ-പ്രതിപക്ഷ നേതാക്കൾ രംഗം കൊഴുപ്പിക്കുന്നുണ്ട്. ഇതിനിടയിൽ, സാമ്പത്തിക മാന്ദ്യത്തിൽപ്പെട്ടുഴലുകയാണ് പാക് ജനത.
എല്ലാം അനിശ്ചിതത്വത്തിലാകുമ്പോൾ
ഇന്ത്യയിലും മറ്റിടങ്ങളിലും ഭീകരവാദം നടത്തുന്നതിനായി ഏർപ്പെട്ടിരിക്കുന്ന ഏജൻസികളുടെ സാമ്പത്തിക ധൂർത്ത്, വ്യാപകമായ അഴിമതി, സൈന്യത്തിന് വേണ്ടിയുള്ള അമിത ചെലവ് എന്നിവ പാക്കിസ്ഥാന്റെ സാമ്പത്തിക ആസൂത്രണത്തിന്റെ മുഖമുദ്രയായി കണക്കാക്കാം. ഉന്നത സ്ഥാനങ്ങളിൽ ഉള്ളവർ അഴിമതി നടത്തി കൊഴുക്കുമ്പോൾ, രാജ്യത്തെ ജനങ്ങൾ പാപ്പരാവുകയും കടക്കെണിയിലാവുകയും ചെയ്യുമെന്ന ഇമ്രാൻ ഖാന്റെ പ്രസ്താവനയ്ക്ക് ഇപ്പോഴത്തെ ആഭ്യന്തരമന്ത്രി റാണാ സനാഉല്ല നൽകിയ മറുപടി ‘കഴിവില്ലാത്ത ജനക്കൂട്ടം’ എന്നായിരുന്നു. മുൻ പ്രധാനമന്ത്രിക്കെതിരെ ശബ്ദിക്കാൻ അന്നത്തെ ജനക്കൂട്ടത്തിന് കഴിവില്ലായിരുന്നു എന്നാണു അദ്ദേഹം അർത്ഥമാക്കിയത്.
Also Read:വിപണിയിൽ സുലഭമായി വ്യാജ മറയൂർ ശർക്കര, കർഷകർ പ്രതിസന്ധിയിൽ
അതിനിടെ, ഇതുവരെ നേരിട്ടതിനേക്കാൾ വലിയ ദുരന്തമാണ് പാകിസ്ഥാൻ ജനത ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. മെയ് പകുതിയോടെ വിദേശനാണ്യ കരുതൽ ശേഖരം 145 മില്യൺ ഡോളർ കുറഞ്ഞ് 10 ബില്യൺ ഡോളറിലെത്തിയെന്ന് രാജ്യത്തെ സെൻട്രൽ ബാങ്ക് അറിയിച്ചു. നെഗറ്റീവ് ഫോറിൻ റിസർവ് വരവ്, വ്യാപാരം, കറണ്ട് അക്കൗണ്ട് കമ്മി, വർദ്ധിച്ചുവരുന്ന കടം തിരിച്ചടവ് ഭാരം എന്നിവയെല്ലാം സർക്കാരിന് തലവേദനയാകുന്നു. ഇത് പരിഹരിക്കാൻ, ജനങ്ങളെ പിഴിയുക എന്ന നയമാണ് പാക് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഐഎംഎഫിന്റെ സമ്മർദ്ദത്തെത്തുടർന്ന് സർക്കാർ പാചക എണ്ണ, പാമോയിൽ, ഇന്ധനം എന്നിവയുടെ ചില്ലറ വിൽപ്പന വില എക്കാലത്തെയും ഉയർന്ന നിരക്കിലേക്ക് ഉയർത്തി. ഇന്ധന സബ്‌സിഡികൾ പിൻവലിച്ചതും വില കുതിച്ചുയരുന്നതും തെരുവുകളിൽ ജനം വടിയെടുത്ത് പ്രതിഷേധിക്കാൻ കാരണമായി. എരിതീയിൽ എണ്ണ ഒഴിക്കാൻ, പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കളം നിറഞ്ഞ് രംഗത്തുണ്ട്.
സുഹൃദ് രാജ്യങ്ങളുമായുള്ള ബന്ധം നിലനിർത്താൻ പാകിസ്ഥാന് കഴിയുമോ?
ഗൾഫ് രാജ്യങ്ങളുമായുള്ള പാകിസ്ഥാന്റെ നയം നിലവിലെ അവസ്ഥയിൽ നിന്നും പാകിസ്ഥാനെ കരകയറ്റുമോ? യു.എസിൽ നിന്നോ ചൈനയിൽ നിന്നോ ഉള്ള സമ്മർദ്ദത്തിന് വഴങ്ങി, എടുത്ത വിദേശ നയ തീരുമാനങ്ങളിൽ പലതും ഭേദഗതി ചെയ്യേണ്ടതായി വരുന്നു. ചൈനയെയും യു.എസിനെയും അലോസരപ്പെടുത്തുന്ന തരത്തിൽ പാകിസ്ഥാൻ ഇറാൻ നയം ഭേദഗതി ചെയ്യണമെന്ന് ചില ഗൾഫ് രാജ്യങ്ങൾ ആഗ്രഹിക്കുന്നു. എന്തായാലും പാപ്പരായ പാകിസ്ഥാന് ചൈനയ്ക്ക് മുന്നിൽ കീഴടങ്ങുകയല്ലാതെ മറ്റൊരു വഴിയുണ്ടെന്ന് തോന്നുന്നില്ല. ഇറാനുമൊത്തുള്ള ഊർജ സുരക്ഷാ പദ്ധതികളുടെ പശ്ചാത്തലത്തിൽ അമേരിക്കയും പാക്കിസ്ഥാനോട് തൃപ്തരല്ല.
ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി (സിപിഇസി) പാക്കിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിക്കുന്നതായി വിശേഷിപ്പിക്കപ്പെട്ടു. ചൈനയെ സംബന്ധിച്ചിടത്തോളം, പാക് അധീന കശ്മീരിലൂടെ (PoK) റോഡ് നിർമ്മിക്കാനുള്ള തന്ത്രപരമായ നീക്കമായിരുന്നു അത്. പിഒകെ ചൈന പിടിച്ചെടുത്തതിൽ ഇന്ത്യ കാര്യമായ എതിർപ്പ് ഉന്നയിച്ചിരുന്നു. സിപിഇസിയുടെ ചില പദ്ധതികൾ ഇനിയും ആരംഭിക്കാനിരിക്കുന്നതേയുള്ളൂവെങ്കിലും, നടന്നുകൊണ്ടിരിക്കുന്നവ പ്രാദേശിക ജനങ്ങൾക്ക് ഒരു പ്രയോജനവും നൽകുന്നവയല്ല. കുടിശ്ശികയായ ഏകദേശം 1.5 ബില്യൺ ഡോളർ തിരിച്ചടയ്ക്കാൻ പാകിസ്ഥാന് കഴിയാത്തതാണ് ചൈന ചില പദ്ധതികൾ നിർത്തിവയ്ക്കുന്നതിന് പിന്നിലെ കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
Post Your Comments