ഹൈദരാബാദ്: ചികിത്സ വൈകിയതിനെ തുടർന്ന് തെലങ്കാനയില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. ട്രാഫിക് പോലീസ് ഒരു മണിക്കൂറോളം വാഹനം തടഞ്ഞിട്ടതോടെയാണ് കുഞ്ഞിന് ചികിത്സ കിട്ടാതെ മരണപ്പെടുന്നത്. തെലങ്കാന സ്വദേശി സരസ്വതിയുടെ മകന്‍ രേവന്താണ് മരിച്ചത്. അര മണിക്കൂറിന് ശേഷം പണം എത്തിച്ചപ്പോഴാണ് കുട്ടിയെ കൊണ്ട് പോകാൻ പോലീസ് സമ്മതിച്ചതെന്ന് രേവന്തിന്റെ മാതാവ് സരസ്വതി പറയുന്നു.
ഇതുകഴിഞ്ഞ് ആശുപത്രിയിലെത്തിയപ്പോള്‍ കുട്ടിക്ക് അനക്കമില്ലായിരുന്നു. അര മണിക്കൂര്‍ മുമ്പ് കുഞ്ഞ് മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഞ്ഞിനെ ചൊവ്വാഴ്ച ജങ്കാവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍, അവിടെയുള്ള ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം കുഞ്ഞിനെ ഹൈദരാബാദിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു.
യാത്രയ്ക്കിടെ, യാദഗിരിഗുട്ടയില്‍ വെച്ച് പോലീസ് തടയുകയും ഡ്രൈവര്‍ സീറ്റ്ബെല്‍റ്റിടാത്തതിന് 1000രൂപ പിഴ അടയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കുട്ടിയെ അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയിലേയ്ക്ക് കൊണ്ടുപോവുകയാണെന്ന് പറഞ്ഞെങ്കിലും ഇളവ് നല്‍കാന്‍ പോലീസ് തയാറായില്ല എന്നും സരസ്വതി പറയുന്നു.
Post Your Comments