പട്ന: ദേശീയ തലത്തില്‍ ജാതി സെന്‍സസ് നടപ്പിലാക്കില്ലെന്ന കേന്ദ്ര നിലപാടിന് പിന്നാലെ, സംസ്ഥാനത്ത് ജാതി സെന്‍സസുമായി മുന്നോട്ട് പോവുമെന്ന് ബീഹാർ മുഖ്യമന്ത്രി. അടുത്ത മന്ത്രി സഭയില്‍ നിര്‍ദ്ദേശം അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ അറിയിച്ചു.
ജാതി സെന്‍സസ് സംബന്ധിച്ച സര്‍വകക്ഷി യോഗത്തിലാണ് സെന്‍സസിന് അനുമതി നല്‍കിയതെന്നും സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്ത എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ജാതി സെന്‍സസുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തെ ഏകകണ്ഠമായി അംഗീകരിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു.
Read Also: യാത്രാ കപ്പലുകൾ വെട്ടിച്ചുരുക്കിയതോടെ ജനം ആകെയുള്ള കപ്പലിലേക്ക് ഇരച്ചു കയറി: ഫാത്തിമ തഹ്‌ലിയ
‘ജാതി സെൻസസ് നടപ്പാക്കാന്‍ സംസ്ഥാന മന്ത്രിസഭയില്‍ നിര്‍ദ്ദേശം പാസാക്കും. സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ശരിയായ പുരോഗതി കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്. സെന്‍സസ് നടത്തുന്നത് വഴി മാത്രമേ സംസ്ഥാനത്തെ വ്യത്യസ്ത വിഭാഗങ്ങളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കൂവെന്ന് സര്‍വകക്ഷി യോഗത്തില്‍ പാര്‍ട്ടികള്‍ വ്യക്തമാക്കി’- മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, ദേശീയതലത്തിൽ ജാതി സെന്‍സസ് നടപ്പിലാക്കണമെന്ന ആവശ്യവുമായി ബീഹാര്‍ സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നു. എന്നാല്‍, ജാതി സെന്‍സസ് ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പിന് കാരണമാക്കുമെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ആവശ്യം നിരസിക്കുകയായിരുന്നു. തുടർന്നാണ് സംസ്ഥാനത്ത് ജാതി സെന്‍സസുമായി മുന്നോട്ട് പോകുമെന്ന പ്രഖ്യാപനവുമായി ബീഹാർ സർക്കാർ രംഗത്തെത്തിയത്.
Post Your Comments