Latest NewsKeralaIndia

ഇന്ത്യൻ മനസ്സ് കീഴടക്കിയ മാസ്മരിക ശബ്ദം, വിടവാങ്ങിയത് എക്കാലത്തേയും ഹിറ്റുകളുടെ തോഴന്‍: കെ.കെ. വിടവാങ്ങുമ്പോൾ

അദ്ദേഹത്തിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി.

കൊൽക്കത്ത : പ്രശസ്ത ബോളിവുഡ് ഗായകന്‍ കെ.കെ എന്ന കൃഷ്ണകുമാര്‍ കുന്നത്തിന്റെ ആകസ്മിക മരണം സംഗീതാസ്വാദകരെ സംബന്ധിച്ച് തീരാനഷ്ടമാണ്. കൊല്‍ക്കത്തയില്‍ ഒരു സംഗീത പരിപാടിയില്‍ പങ്കെടുത്തു കൊണ്ടിരിക്കെയാണ് കെ.കെയ്ക്ക് ഹൃദയാഘാതം സംഭവിക്കുന്നത്. ഉടനെ തന്നെ അടുത്തുള്ള മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മരണവാർത്ത പുറത്തുവരുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് നസ്‌റുൽ മഞ്ച ഓഡിറ്റോറിയത്തിലെ പ്രകടനത്തിന്റെ ദൃശ്യങ്ങൾ കെ കെ സമൂഹ മാധ്യമത്തിലൂടെ പങ്കിട്ടിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി.

1970 ആഗസ്റ്റ് 23ന് മലയാളി ദമ്പതികളായ സി.എസ്. നായരുടേയും കനകവല്ലിയുടേയും മകനായി കേരളത്തില്‍ ജനിച്ച കൃഷ്ണകുമാര്‍ കുന്നത്ത് വളര്‍ന്നതെല്ലാം ഡല്‍ഹിയിലായിരുന്നു. ഡല്‍ഹി മൗണ്ട് സെന്റ് മേരീസ് സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് കെ.കെയുടെ സ്വപ്നം ഡോക്ടറാവുകയെന്നതായിരുന്നു, പിന്നീടത് ആലാപനത്തിലെത്തി. കിരോരി മാല്‍ കോളജ്, ഡല്‍ഹി യൂണിവേഴ്‌സിറ്റി എന്നിവയില്‍ നിന്നും ഉന്നത പഠനം പൂര്‍ത്തിയാക്കി. തുടക്ക കാലത്ത് 3500-ഓളം ജിംഗിളുകള്‍ പാടിയ ശേഷമാണ് കെ.കെ ബോളിവുഡില്‍ തന്റെ സ്ഥാനം ഉറപ്പിക്കുന്നത്.

2000 മുതലിങ്ങോട്ടാണ് കെ.കെ പ്രശസ്തിയുടെ കൊടുമുടി കയറുന്നത്. കിഷോര്‍ കുമാറിന്റെയും ആര്‍.ഡി ബര്‍മ്മന്റെയും ശക്തമായ പ്രചോദനം കെ.കെയുടെ ഗാനാലാപനത്തിന് പിന്നിലുണ്ടായിരുന്നു. കോളജ് കാലത്ത് സുഹൃത്തുക്കളുമൊന്നിച്ച് ബാന്‍ഡും ആരംഭിച്ചിരുന്നു. 1994ല്‍ കുഞ്ഞ് ജനിച്ചതിന് ശേഷമാണ് കെ.കെയുടെ സംഗീത ജീവിതം ശരിക്കും ആരംഭിക്കുന്നത്. കുഞ്ഞ് ജനിച്ച അതെ ദിവസം കെ.കെ ഒരു പരസ്യചിത്രത്തിന് വേണ്ടി ആലപിച്ചു. 1999ലെ ക്രിക്കറ്റ് ലോകകപ്പില്‍ ജോഷ് ഓഫ് ദ ഇന്ത്യ എന്ന ഗാനം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനായി കെ.കെ ആലപിച്ചിരുന്നു.

തുടക്കകാലത്ത് ഇന്ത്യയിലെ 11 ഭാഷകളിലായി 3500ന് മുകളില്‍ പരസ്യങ്ങള്‍ക്ക് കെ.കെ ശബ്ദം നല്‍കിയിട്ടുണ്ട്. ബോളിവുഡില്‍ 250ന് മുകളില്‍ സിനിമകള്‍ക്ക് വേണ്ടി പാടി. തമിഴ്, തെലുഗ്, കന്നഡ, മലയാളം, മറാത്തി, ബംഗാളി, ആസാമീസ്, ഗുജറാത്തി ഭാഷകളിലെ സിനിമകളിലും അദ്ദേഹം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഇമ്രാന്‍ ഹാഷ്മി സിനിമകളുടെ ആത്മാവ് തന്നെ കെ.കെയായിരുന്നു. തു ഹി മേരി ശബ് ഹെ, സൂബഹെ, തൂഹി മേരി ജാന്‍, സോണിയെ തുടങ്ങിയ ഗാനങ്ങള്‍ക്കെല്ലാം രാജ്യം ഒരുമിച്ച് താളമിട്ടതാണ്. മലയാളത്തില്‍ പൃഥ്വിരാജ് നായകനായ പുതിയ മുഖത്തിലും ഒരു ഗാനം ആലപിച്ചിട്ടുണ്ട്. രഹസ്യമായി എന്ന ഗാനം ശില്‍പ്പ റാവുമൊന്നിച്ചാണ് കെ.കെ മലയാളത്തില്‍ ആലപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button